രഘുറാം രാജനെ രാജ്യസഭയിലേക്ക് അയക്കാന്‍ നീക്കവുമായി എഎപി

രഘുറാം രാജന്‍

ദില്ലി: രാജ്യത്തിന് വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള പ്രൊഫഷണലുകളെ രാജ്യസഭയിലേക്ക് അയക്കാന്‍ ഒരുങ്ങി ദില്ലിയിലെ എഎപി സര്‍ക്കാര്‍. ദില്ലിയില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഇപ്രകാരം പ്രൊഫഷണലുകളെ തേടുകയാണ് എഎപി. പ്രമുഖ സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ ഇപ്രകാരം എഎപി തയാറാക്കുന്ന പട്ടികയില്‍ മുന്‍നിരയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച് ദില്ലി സര്‍ക്കാര്‍ ഇപ്പോള്‍ ചിക്കാഗോ യൂണിവേഴസ്റ്റിയില്‍ സാമ്പത്തികവിഭാഗത്തില്‍ അധ്യാപകനായി സേവനം ചെയ്യുന്ന രഘുറാം രാജനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രാജന്‍, സ്ഥാനത്ത് ഒരു തവണ കൂടി തുടരുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ള ഒരു വിഭാഗം ബിജെപി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ഊര്‍ജ്ജിത്‌ പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ച് സമഗ്രകാഴ്ചപ്പാടുള്ളയാള്‍ തങ്ങളുടെ പ്രതിനിധിയായി പാര്‍ലമെന്റിലുള്ളത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് എഎപി അദ്ധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പക്ഷം.

നിലവില്‍ ദില്ലി നിയമസഭയിലെ സീറ്റ് നില വച്ച് മൂന്ന് എംപിമാരെയും ജയിപ്പിക്കാന്‍ എഎപിക്ക് കഴിയും. ഒഴിവ് വരുന്ന മറ്റ് രണ്ട് സീറ്റുകളിലൊന്ന് കൂടി പ്രൊഫഷണലായ ഒരാള്‍ക്ക് കൂടി നല്‍കാനും ഒരു സീറ്റിലേക്ക് മാത്രം പാര്‍ട്ടി പ്രതിനിധിയെ പരിഗണിക്കാനുമാണ് എഎപിയുടെ നീക്കം.

അതേസമയം, രാജ്യസഭയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് എഎപി നേതാവും കവിയുമായ കുമാര്‍ വിശ്വാസ് അറിയിച്ചു. പാര്‍ട്ടി തന്നെ ഇതിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ വര്‍ഷം ജൂണില്‍ എഎപി നേതൃത്വവുമായി ഇടഞ്ഞ കുമാര്‍ വിശ്വാസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്ന ഘട്ടംവരെയെത്തിയിരുന്നു. ഒടുവില്‍ പാര്‍ട്ടി നേതൃത്വവുമായി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു അദ്ദേഹം.

അതേസമയം, രാജ്യസഭാംഗമാക്കാനുള്ള എഎപിയുടെ നീക്കത്തോടുള്ള രഘുറാം രാജന്റെ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല. 2013 സെപ്റ്റബര്‍ മുതല്‍ മൂന്ന് വര്‍ഷമാണ് രഘുറാം രാജന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി വഹിച്ചത്. മധ്യപ്രദേശിലെ ഭോപാലില്‍ തമിഴ് കുടുംബത്തിലാണ് രഘുറാം രാജന്റെ ജനനം. 1952 ലെ ബാച്ചില്‍ ഒന്നാം റാങ്കുകാരനായ ഐപിഎസ് ഓഫീസറായിരുന്നു അദ്ദേഹത്തിന്റെ പിതാവ് അര്‍ ഗോവിന്ദരാജന്‍.

ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധരില്‍ ഒരാളായാണ് രഘുറാം രാജന്‍ പരിഗണിക്കപ്പെടുന്നത്. ഇപ്പോള്‍ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ്. അന്താരാഷ്ട്ര നാണ്യനിധിയില്‍ (ഐഎംഎഫ്) റിസര്‍ച്ച് വിഭാഗം ഡയറക്ടറും മുഖ്യ സാമ്പത്തികവിദഗ്ധനുമായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2016 സെപ്റ്റംബറിലാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി അദ്ദേഹം ഒഴിഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top