എച്ച്ഡിഎഫ്‌സി ബാങ്കിലൂടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഇനി സൗജന്യമായി നടത്താം

പ്രതീകാത്മക ചിത്രം

മുംബൈ : ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഈടാക്കിയിരുന്ന ചാര്‍ജുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഒഴിവാക്കി. റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ടോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(നെഫ്റ്റ്) എന്നിവയാണ് എച്ച്ഡിഎഫ്‌സി സൗജന്യമാക്കിയിരിക്കുന്നത്.

ഇതോടെ സേവിങ്‌സ് അക്കൗണ്ടുകളും ശമ്പള അക്കൗണ്ടുകളും ഉള്ള ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവ നടത്തുന്നതിന് ചാര്‍ജുകള്‍ നല്‍കേണ്ടി വരില്ല. നവംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് എച്ച്ഡിഎഫ്‌സി ഇത് നടപ്പിലാക്കാന്‍ പോകുന്നത്.

ഓണ്‍ലൈന്‍ വഴി രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകള്‍ നടത്തുന്നതിന് 25 രൂപയായിരുന്നു ഇതിനു മുമ്പ് ബാങ്ക് ഈടാക്കിയിരുന്നത്. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉള്ള ഇടപാടുകള്‍ക്ക് 50 രൂപയും ഈടാക്കുമായിരുന്നു. അതുകൊണ്ട് ചാര്‍ജ് ഒഴിവാക്കുന്നത് കൂടുതല്‍ ഉപയോക്താക്കളെ ഡിജിറ്റല്‍ ഇടപാടിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.

എന്നാല്‍ ബാങ്കില്‍ നേരിട്ടെത്തി ചെക്ക് വഴി ആര്‍ടിജിഎസ് നെഫ്റ്റ് ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് തുടര്‍ന്നും പണം ഈടാക്കും. നിലവില്‍ ഒരു വര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്ക് രണ്ട് ചെക്ക് ബുക്കുകള്‍ സൗജന്യമായി ബാങ്ക് നല്‍കിയിരുന്നു. എന്നാല്‍ ഇനി മുതല്‍ വര്‍ഷത്തില്‍ ഒരു ചെക്ക് ബുക്ക്‌ മാത്രമേ ബാങ്കില്‍ നിന്നും സൗജന്യമായി ലഭ്യമാകൂ. ഇതില്‍ 25 ലീഫുകളാണ് ഉണ്ടാവുക എന്നും എച്ച്ഡിഎഫ്‌സി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top