ട്രംപിനെതിരെ നടുവിരലുയര്‍ത്തി പ്രതിഷേധിച്ച യുവതിക്ക് ജോലി നഷ്ടമായി

ജൂലി ബ്രിക്‌സ്മാന്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധിച്ച യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ജൂലി ബ്രിക്‌സ്മാന്‍ എന്ന യുവതിക്കാണ് പ്രസിഡന്റിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടമായത്. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജൂലിയുടെ അരികിലൂടെ വളരെ അവിചാരിതമായായിരുന്നു ട്രംപിന്റെ വാഹനം കടന്നു പോയത്. ഉടന്‍ തന്നെ ജൂലി ട്രംപിനു നേരെ നടുവിരല്‍ ഉയര്‍ത്തി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

ട്രംപിന്റെ വാഹനം  അരികിലൂടെ പോയപ്പോള്‍ തന്റെ ചോര തിളച്ചുവെന്നും അതുകൊണ്ടാണ് കൈവിരല്‍ ഉയര്‍ത്തി പ്രതിഷേധിച്ചതെന്നുമാണ് സംഭവത്തില്‍ പ്രതികരിച്ച ജൂലി പറഞ്ഞത്. സംഭവത്തിനു ശേഷം ജൂലി കൈ ഉയര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗം ഈ ചിത്രങ്ങള്‍ കാണുകയും യുവതിക്കെതിരെ നടപടി എടുക്കുകയുമായിരുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവായിരുന്നു യുവതിക്ക് ലഭിച്ചത്. എന്നാല്‍ ഓഫീസ് സമയത്ത് അല്ല ഫോട്ടോ എടുത്തതെന്ന്  പറഞ്ഞിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ ഓഫീസ് തയ്യാറായില്ല.

സര്‍ക്കാരിന്റെ ആരോഗ്യ നയത്തോടും നാടു കടത്തല്‍ നയത്തോടുമാണ് താന്‍ പ്രതിഷേധം രേഖപ്പെടുത്തിയതെന്ന് ജൂലി പറഞ്ഞു. എഫ്പി ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് ജൂലി പ്രതിഷേധിക്കുന്ന രംഗത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

DONT MISS
Top