‘പത്മാവതി’യ്‌ക്കെതിരെയും ഭീഷണി: ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ കത്തിക്കുമെന്ന് ബിജെപി എംഎല്‍എ

ഹൈദരാബാദ്: സജ്ഞയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം പത്മാവതിയ്‌ക്കെതിരെ ഭീഷണിയുമായി ബിജെപി എംഎല്‍എ രംഗത്ത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിങ് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് എംഎല്‍എയുടെ ആരോപണം. രജപുത്ര വിഭാഗക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എംഎല്‍എയുടെ ഭീഷണി.  ഭീഷണി പ്രസംഗം എംഎല്‍എ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും നിമിഷ നേരം കൊണ്ട് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു.

ചിത്രം തടയുമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിയ്ക്കുമെന്നും എംഎല്‍എ ആഹ്വാനം ചെയ്യുന്നു. ദീപിക പദ്‌കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും. റവല്‍ രത്തന്‍ സിംഗായി ഷാഹിദ് എത്തുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ വേഷമിടുന്നു.

റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും റവല്‍ രത്തന്‍ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യം രജപുത്ര വിഭാഗത്തിന്റെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ രാജസ്ഥാനില്‍ പത്മാവതി റിലീസ് ചെയ്യാന്‍ സമ്മതിക്കൂ എന്ന ആവശ്യവുമായി കര്‍ണ്ണിസേന രംഗത്തെത്തിയിരുന്നു.

ചിത്രം ക്ഷത്രിയ വിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്നുവെന്നും, റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top