ഒത്തുകളി: ദ്രാവിഡിനെയും ധോണിയെയും കുറ്റപ്പെടുത്തി ശ്രീശാന്ത്‌

ശ്രീശാന്ത്

ദില്ലി: ഐപിഎല്ലിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ്‌ചെയ്യപ്പെടുകയും ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്ക് പിന്തുണ നല്‍കാതിരുന്നതിന് രണ്ട് മുന്‍ ക്യാപ്റ്റന്‍മാരെ കുറ്റപ്പെടുത്തി. രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിംഗ് ധോണി എന്നിവര്‍ തന്നെ കൈയൊഴിഞ്ഞകാര്യം ‘റിപ്പബ്ലിക് ടിവി’ യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ചൂണ്ടിക്കാട്ടിയത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗമായിരിക്കെയാണ് ദില്ലി പൊലീസ് ശ്രീശാന്തിനെ വാതുവയ്പ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. ‘ എന്നെക്കുറിച്ച് പൂര്‍ണമായി അറിയാവുന്നയാളാണ് രാഹുല്‍ ദ്രാവിഡ്. രാജസ്ഥാന്‍ ടീമിനെ നയിച്ചിരുന്ന ദ്രാവിഡിനും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ധോണിക്കും ഞാന്‍ പിന്തുണ തേടി മൊബൈലില്‍ മെസേജ് വിട്ടെങ്കിലും ഇരുവരും പ്രതികരിച്ചതേയില്ല’ ശ്രീശാന്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരെ കുറ്റപ്പെടുത്തി. തനിക്കൊപ്പം അന്ന് രാജ്യത്തെ തന്നെ ഏറ്റവും മുന്‍നിരയിലുണ്ടായിരുന്ന പത്തോളം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ദില്ലി പൊലീസ് അന്ന് പറഞ്ഞത്. ഈ പേരുകള്‍ മുഴുവന്‍ പുറത്തുവന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ആകെ അത് ബാധിക്കുമായിരുന്നു- ശ്രീശാന്ത് പറഞ്ഞു.

ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ ടീമല്ലെന്ന് ശ്രീശാന്ത് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) എന്ന സ്വകാര്യ ഏജന്‍സിയുടെ ടീമാണ് ഇത്. രാജ്യത്തെയല്ല അവര്‍ പ്രതിനിധാനം ചെയ്യുന്നത്. തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ അനുവാദം നല്‍കിയാല്‍ മറ്റൊരു രാജ്യത്തിന് വേണ്ടിയാകും ഇനി കളിക്കുകയെന്നും ശ്രീശാന്ത് പറഞ്ഞു. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച കേരളാ ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ബിസിസിഐ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബഞ്ച്, സിംഗിള്‍ ബഞ്ച് വിധി റദ്ദുചെയ്യുകയും ബിസിസിഐയുടെ വിലക്ക് ശരിവയ്ക്കുകയുമായിരുന്നു. സ്‌കോട്ട്‌ലാന്റ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ശ്രീശാന്ത് ബിസിസിഐക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ബിസിസിഐയുടെ നിലപാട് ശരിവച്ച് വിലക്ക് അംഗീകരിച്ച ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന മോഹം 34 വയസുകാരനായ ശ്രീശാന്ത് ഏതാണ്ട് ഉപേക്ഷിച്ചിരിക്കുകയാണ്.

2013 ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ചിരുന്നപ്പോഴാണ് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള മത്സരത്തില്‍ ഒത്തുകളിച്ചന്ന കേസില്‍ ശ്രീശാന്തിനെയും ടീമിലെ സഹതാരങ്ങളായ അന്‍കീത് ചവാനെും അജിത് ചാന്ദിലയെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിനെയും മറ്റ് താരങ്ങളെയും വിലക്കിയത്.

DONT MISS
Top