മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ട, താന്‍ പ്രൊജക്ട് പിന്‍വലിക്കുന്നുവെന്നും പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍

മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമകള്‍ പുറത്തിറങ്ങുന്നു എന്ന് വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമാലോകം കേട്ടത്. എന്നാല്‍ മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാറെ കാത്തിരുന്നവര്‍ നിരാശരാകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കാരണം സംവിധായകന്‍ പ്രിയദര്‍ശന്‍തന്നെ പ്രഖ്യാപിച്ചിരിക്കുന്നു ഇക്കാര്യം.

മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ട എന്നാണദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്. അതിനാല്‍ തന്റെ സിനിമ വേണ്ടെന്ന് വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരാധകര്‍ നിരാശരാകുമെങ്കിലും തികച്ചും അനുകരണീയ മാതൃകയാണ് പ്രിയദര്‍ശന്‍ കാണിച്ചതെന്ന് വ്യക്തം. ഒരേ പേരില്‍ ഇരു താരങ്ങളും ചിത്രമിറക്കിയാല്‍ അനാരോഗ്യകരമായ മത്സരം പലര്‍ക്കുമിടയില്‍ ഉരുത്തിരിയാം എന്നതാകും പ്രിയനെ പിന്‍വലിയാന്‍ പ്രേരിപ്പിച്ച ഘടകം.

നേരത്തെ പൃഥ്വിരാജിനെ നായകനാക്കിയും മമ്മൂട്ടിയെ നായകനാക്കിയും കര്‍ണന്‍ എന്ന പേരില്‍ രണ്ട് പ്രൊജക്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ സംവിധായകന്‍ പറ്റിച്ചുവെന്നാരോപിച്ച് നിര്‍മാതാവ് പിന്‍വാങ്ങിയത് പൃഥ്വിയുടെ കര്‍ണന് തിരിച്ചടിയായി. മമ്മൂട്ടിയുടെ കര്‍ണന് നിര്‍മാതാവിനെ ലഭിച്ചുമില്ല. എന്തായാലും കുഞ്ഞാലി മരയ്ക്കാറാകാന്‍ ഒരുങ്ങുന്ന മമ്മൂട്ടിക്ക് ഈ പ്രശ്‌നം ഉണ്ടായേക്കില്ല. കാരണം ഈ ചിത്രത്തിന്റെ പിന്നിലുള്ള ടീം എത്രയും വേഗം ചിത്രം പൂര്‍ത്തീകരിക്കാനുള്ള തയാറെടുപ്പിലാണ്.

DONT MISS
Top