റിയാദിലേക്ക് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; വ്യോമസേന ആകാശത്തുവെച്ച് തകര്‍ത്തു

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വ്യോമസേന തകര്‍ത്തു. യെമനില്‍ നിന്ന് തൊടുത്ത മിസൈല്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളപരിധിയില്‍ ആകാശത്താണ് തകര്‍ത്തത്. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രി എട്ടിന് റിയാദിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കിയാണ് ഹൂതികള്‍ മിസൈല്‍ തൊടുത്തത്. വ്യോമ-പ്രതിരോധസേന ആകാശത്ത് വെച്ചുതന്നെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത് വന്‍ ദുരന്തം ഒഴിവാക്കി. വന്‍ സ്‌ഫോടന ശബ്ദം എയര്‍പോര്‍ട്ടിലുളളവരെ പരിഭ്രാന്തരാക്കി. 50 കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

എയര്‍പോര്‍ട്ട് പരിധിയിലാണ് മിസൈല്‍ അവശിഷ്ടം പതിച്ചതെങ്കിലും വിമാനസര്‍വീസുകളെ ബാധിച്ചില്ലെന്ന് സിവില്‍ ഏവിയേഷനും സുരക്ഷാ സൈനികരും അറിയിച്ചു. റിയാദ് എയര്‍പോര്‍ട്ട് ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുളള മസീറ ടെലിവിഷന്‍ അവകാശപ്പെട്ടു.

രാത്രി 8.10ന് സൗദിയുടെ പാട്രിയോടിക് മിസൈല്‍ ഹൂതി ആക്രമണത്തെ പ്രതിരോധിച്ചതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. മിസൈല്‍ അവശിഷ്ടങ്ങള്‍ എയര്‍പോര്‍ട്ടിന് കിഴക്ക് ജനവാസ കേന്ദ്രങ്ങളിലാണ് പതിച്ചത്. ഈ വര്‍ഷം ഹജ്ജ് സീസണ്‍ തുടങ്ങുന്നതിന് മുമ്പ് മക്കയ്ക്ക് നേരെ ഉണ്ടായ മിസൈല്‍ ആക്രമണം തായിഫില്‍ നിന്ന് 70 കിലോ മീറ്റര്‍ അകലെ വ്യോമ-പ്രതിരോധസേന തകര്‍ത്തിരുന്നു. ഇറാന്റെ സഹായത്തോടെ യെമനില്‍ നിന്ന് ഹൂതികള്‍ നേരത്തെയും ബാലിസ്റ്റിക് മിസൈല്‍ അക്രമണത്തിന് ശ്രമിച്ചെങ്കിലും സഖ്യസേന ആകാശത്ത് തകര്‍ത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top