കമല്‍ഹാസനെ വെടിവെച്ച് കൊല്ലുകയോ, തൂക്കി കൊല്ലുകയോ വേണം, ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ല: കൊലവിളിയുമായി ഹിന്ദു മഹാസഭ നേതാവ്

കമല്‍ഹാസന്‍

മീററ്റ്: നടന്‍ കമല്‍ഹാസനെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മ. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം നടത്തിയ കമല്‍ഹാസന്‍ ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുകയാണെന്നും അശോക് ശര്‍മ പറയുന്നു.

കമല്‍ഹാസനെയോ അദ്ദേഹത്തെ പോലെയുള്ളവരെയോ ഒന്നുകില്‍ വെടിവെച്ച് കൊല്ലുകയോ തൂക്കികൊല്ലുകയോ വേണം. അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമായിരിക്കുമെന്നും അശോക് ശര്‍മ പറയുന്നു. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും അശോക് ശര്‍മ പറയുന്നു.

അതേസമയം, കമല്‍ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു മഹാസഭ മീററ്റ് പ്രസിഡന്റ് അഭിഷേക് അഗര്‍വാളും രംഗത്തെത്തിയിരുന്നു.  തങ്ങളുടെ സംഘടനയിലെ അംഗങ്ങളും, കുടുംബാംഗങ്ങളും കമല്‍ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്നും അഭിഷേക് അഗര്‍വാള്‍ പറയുന്നു.  എല്ലാ ഇന്ത്യക്കാരും കമല്‍ഹാസനെ ബഹിഷ്‌കരിക്കണമെന്നും, ഹിന്ദു മതത്തെയും വിശ്വാസങ്ങളെയും അപമാനിക്കുന്നവര്‍ക്ക് മാപ്പില്ലെന്നും നേതാവ് പറയുന്നു.

രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്നും,  വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കടക്കം ഇത് നിഷേധിക്കാനാകാത്ത വസ്തുതയാണെന്നുമാണ് കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടത്. തമിഴ് വാരികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്. ഹിന്ദു തീവ്രവാദം ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുമോയെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ യുവാക്കളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പണ്ട് എതിര്‍ വിഭാഗങ്ങളെ ആശയങ്ങള്‍ കൊണ്ട് പ്രതിരോധിച്ച ഹിന്ദു വലതുപക്ഷ സംഘടനകള്‍ ഇന്ന് അക്രമത്തിന്റെ പാതയിലൂടെയാണ് പ്രതികരിക്കുന്നതെന്നും കമല്‍ഹാസന്‍ പറയുന്നു.

ഇതിന് മുന്‍പ് ബിജെപിയ്‌ക്കെതിരെയും രാജ്യത്തെ കാവി ഭീകരതയ്‌ക്കെതിരെയും തന്റെ നിലപാട് വ്യക്തമാക്കിയ താരമാണ് കമല്‍ഹാസന്‍. തന്റെ നിറം കാവിയല്ലെന്നും ഒരിക്കലും കാവിയാകില്ലെന്നും നേരത്തെ കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top