സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ജീവന്‍മരണ പോരാട്ടം; എതിരാളികള്‍ ലാപാമസ്

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ചില്‍ ടോട്ടനത്തോട് 3-1നും ലാലിഗയില്‍ ദുര്‍ബലരായ ജിറോണയോട് 2-1നും പരാജയപ്പെട്ട റയല്‍ മാഡ്രിഡിന് നാളെ ജയിച്ചേതീരു. സമീപകാലത്തൊന്നും റയല്‍ ഇത്രയും വലിയ പരാജയങ്ങള്‍ നേരിട്ടിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകഫുട്‌ബോളറായും സിദാന്‍ മികച്ച പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന മത്സരങ്ങളാണിവ. അപ്രതീക്ഷിതമായിരുന്നു ഈ തോല്‍വികള്‍. അതില്‍ നിന്ന് കരകയറാനായിരിക്കും ലാപാമസിനെതിരെയുള്ള മത്സരത്തില്‍ റയല്‍ ശ്രമിക്കുക.

ലാലിഗയില്‍ പത്തുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ റയല്‍ 20 പോയിന്റോടെ നാലാം സ്ഥാനത്താണ്. ബാഴ്‌സലോണയില്‍ നിന്ന് എട്ടുപോയിന്റ് പിറകിലും. ഈ അന്തരം ഒഴിവാക്കണമെങ്കില്‍ സീസണില്‍ ജീവന്മരണപോരാട്ടം നടത്തിയേ കഴിയു. അടുത്തടുത്ത് പിണഞ്ഞ രണ്ടുതോല്‍വികള്‍ ആരാധകരേയും ഞെട്ടിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ നോക്കൗട്ട് റൗണ്ട് അടുത്തിരിക്കെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുകയും വേണം. അതിനുള്ള ആദ്യമാര്‍ഗം ലാപാമസിനെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കുക എന്നതുമാത്രമാണ്.

പത്തുമത്സരങ്ങളില്‍ നിന്ന് ആറുപോയിന്റോടെ പതിനൊന്നാം സ്ഥാനത്തുള്ള ലാപാമസ് ഒറ്റ നോട്ടത്തില്‍ ദുര്‍ബലരാണ്. എന്നാല്‍ 2017 മാര്‍ച്ചില്‍ റയലിനെ 3-3-ന് സമനിലയില്‍ തളച്ചിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. അതിനാല്‍ ഉള്‍ക്കിടിലത്തോടെയായിരിക്കും റയലിറങ്ങുക.

DONT MISS
Top