മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കുന്ന കെപിസിസി പരിപാടിക്ക് പാലായില്‍ തുടക്കം

ചടങ്ങില്‍ എംഎം ജേക്കബിനെ ആദരിക്കുന്നു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കുന്ന കെപിസിസി പരിപാടിക്ക് കോട്ടയം പാലായില്‍ തുടക്കമായി. മുന്‍ മേഘാലയ ഗവര്‍ണര്‍ എംഎം ജേക്കബിന് ഇന്ദിരാഗാന്ധി ജന്‍മശതാബ്ദി പുരസ്‌കാരം നല്‍കി പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിലെ അപൂര്‍വ വ്യക്തിത്വമാണ് എംഎം ജേക്കബെന്ന് എകെ ആന്റണി പറഞ്ഞു.

1952ല്‍ ബിഎസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ എംഎം ജേക്കബ് ദേശീയ സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങളാണ് വഹിച്ചിട്ടുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം യുവജന മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ യുവനേതാക്കള്‍ക്ക് പോലും അവകാശപ്പെടാനാകാത്ത നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു എംഎം ജേക്കബിന്റെ പ്രത്യേകതയെന്ന് എകെ ആന്റണി പറഞ്ഞു.

ചടങ്ങില്‍ ഇന്ദിരാഗാന്ധി പുരസ്‌കാരം എകെ ആന്റണി എംഎം ജേക്കബിന് കൈമാറി. കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഇന്ന് തിരുവനന്തപുരത്ത് തെന്നല ബാലകൃഷ്ണപിള്ള, വക്കം പുരുഷോത്തമന്‍ തുടങ്ങിയ നേതാക്കളെ ആദരിക്കുന്ന പരിപാടിയും കെപിസിസി സംഘടിപ്പിച്ചിട്ടുണ്ട്.

DONT MISS
Top