സമയ പരിധി കഴിഞ്ഞിട്ടും ഫ്ളാറ്റ് ഉടമയ്ക്ക് കൈമാറിയില്ല; ടാറ്റാ കമ്പനിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ്

കൊച്ചി: സമയ പരിധി കഴിഞ്ഞിട്ടും ഫ്ളാറ്റ് ഉടമയ്ക്ക് കൈമാറാത്തതിനെത്തുടര്‍ന്ന് ടാറ്റാ കമ്പനിക്ക് എതിരെ വിശ്വാസ വഞ്ചനയ്ക്ക് എറണാകുളം പൊലീസ് കേസെടുത്തു. കൊച്ചി മറൈന്‍ ഡ്രൈവിലെ ടാറ്റാ തൃത്വം ഫ്ളാറ്റാണ് 2015 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാമെന്ന് ചെന്നൈ സ്വദേശി ഡാനിയേല്‍ സാമുവേലിന് കമ്പനി വാഗ്ദാനം നല്‍കിയിരുന്നത്. മൂന്ന് കോടി 28 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റിന്റെ താക്കോല്‍ ഇതുവരെ കൈമാറിയിട്ടില്ലെന്ന് മാത്രമല്ല, നിലവാരം കുറഞ്ഞ സാധനങ്ങളാണ് ഫ്ളാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്നും ഡാനിയേല്‍ സാമുവേല്‍ ആരോപിക്കുന്നു.

കൊച്ചി മറൈന്‍ ഡ്രൈവിലെ ടാറ്റാ തൃത്തം ഫ്ളാറ്റ് മൂന്ന് കോടി ഇരുപത്തെട്ട് ലക്ഷം രൂപയ്ക്കാണ് ഡാനിയേല്‍ സാമുവേല്‍ 2013 ല്‍ കരാര്‍ എഴുതിയത്. പല ഘട്ടങ്ങളിലായി മുഴുവന്‍ തുകയും നല്‍കി ഡാനിയേല്‍ ഫ്ളാറ്റ് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2015 ല്‍ ഫ്ളാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാമെന്ന് കമ്പനി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഫ്ളാറ്റ് കൈമാറാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ഡാനിയേല്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഡാനിയേലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കമ്പനിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തു. ഉയര്‍ന്ന നിലവാരമവകാശപ്പെട്ടാണ് ടാറ്റ കമ്പനി ഫ്ളാറ്റിന്റെ നിര്‍മ്മാണമാരംഭിച്ചത്. എന്നാല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച സാമഗ്രികള്‍ നിലവാരം കുറഞ്ഞവയാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. താക്കോല്‍ കൈമാറിയ ശേഷം ബാങ്ക് വായ്പ തിരികെ നല്‍കിയാല്‍ മതിയെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ 2015 മുതല്‍ ബാങ്ക് വായ്പ തിരികെ അടയ്‌ക്കേണ്ട ഗതികേടിലാണ് ഡാനിയേല്‍ സാമുവേല്‍.

DONT MISS
Top