പാചകവാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും ഇരട്ടത്താപ്പ് ഇങ്ങനെ; യുഡിഎഫ് ഭരണകാലത്ത് പാചകവാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞത് പൂര്‍ണ രൂപത്തില്‍ വായിക്കാം

മുക്കത്ത് സംഘര്‍ഷം സൃഷ്ടിച്ചവര്‍ റോഡിന് തീയിട്ടപ്പോള്‍, രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും

എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും സൊളിഡാരിറ്റിയുടേയും താളത്തിന് തുള്ളി വാതക പൈപ്പ് ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഇതേപ്പറ്റി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിയമസഭയില്‍ സ്വീകരിച്ച നിലപാട് നേരെ വിപരീതം. ഇക്കാര്യം വ്യക്തമാക്കുന്ന നിയമസഭാ രേഖകളും ചോദ്യോത്തരങ്ങളും താഴെ വായിക്കാം.

2015 ജൂലൈ ഏഴാം തിയതി ബാബു എം പാലിശ്ശേരിയുടെ ചോദ്യത്തിനുത്തരമായാണ് അന്നത്തെ വ്യവസായ വിവരസാങ്കേതിക വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം വിശദമാക്കിത്.

ഒന്നാമത്തെ ചോദ്യമിങ്ങനെ- കൊച്ചി മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പ്രവൃത്തി പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

കുഞ്ഞാലിക്കുട്ടിയുടെ ഉത്തരം- ഉണ്ട്. എറണാകുളം മലപ്പുറം ജില്ലകളിലെ പഞ്ചനാമ തയാറാക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. വെല്‍ഡിംഗ് കഴിഞ്ഞ് ഉപരിതലത്തില്‍ കിടക്കുന്ന 32 കിലോമീറ്റര്‍ ദൂരത്തിലുള്ള പൈപ്പുകള്‍ കുഴിച്ചിടുന്നതിനായി 11/06/2015 ല്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. പൈപ്പിടല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയില്‍ ജില്ലാ കളക്ടര്‍, ഒറ്റപ്പാലം സബ് കളക്ടര്‍, ആര്‍ഡിഒ, പൈപ്പ് ലൈന്‍ കടന്നുപോകുന്ന വില്ലേജിലെ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന ഒരു ടീം രൂപവത്കരിച്ചിട്ടുണ്ട്.

രണ്ടാം ചോദ്യം- ജനവാസ കേന്ദ്രങ്ങലിലൂടെ ഗെയിലിന്റെ പൈപ്പ് ലൈന്‍ കടന്നുപോകുന്നുവെന്ന കാരണത്താല്‍ നിരവധി മേഖലകളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ഉത്തരം- ജനവാസ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കി പൈപ്പ് ലൈന്‍ സ്ഥാപിക്കുവാനാണ് ഗെയില്‍ പരിശ്രമിക്കുന്നത്. എന്നിരുന്നാലും ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. ഇതിനേത്തുടര്‍ന്ന് ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

മൂന്നാം ചോദ്യം- ജനങ്ങളെ വിശ്വാസത്തിലെടുത്ത് മതിയായ നഷ്ടപരിഹാരം നല്‍കി പരാതികളില്ലാത്തവിധം പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്? വിശദാംശം വ്യക്തമാക്കുമോ?

ഉത്തരം- ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയുള്ളൂ. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഭൂമിയുടെ വിനിയോഗാവകാശം മാത്രമേ ഗെയിലിന് നല്‍കേണ്ടതുള്ളൂ. ഇതിനായി ഭൂമിയുടെ വിപണി വിലയുടെ 50 ശതമാനം വരെ നഷ്ടപരിഹാരമായി നല്‍കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഭൂവിലയുടെ 10 ശതമാനം മാത്രമാണ് ഗെയില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. പദ്ധതിയുടെ സുരക്ഷിതത്വത്തേപ്പറ്റി ജനങ്ങളുടെ മനസിലുണ്ടായിട്ടുള്ള ആശങ്കയാണ് എതിര്‍പ്പിന് ആധാരമാകുന്നത്.

പദ്ധതിയുടെ സുരക്ഷിതത്വത്തേപ്പറ്റിയും പദ്ധതിയിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങളേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതിലൂടെ പൈപ്പ് ലൈന്‍ പദ്ധതിയേപ്പറ്റിയുള്ള ജനങ്ങളുടെ ആശങ്കയകറ്റുവാനും സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

പത്ര പരസ്യങ്ങളിലൂടെയും ലഘുരേഖകള്‍ മുഖേനയും എഫ്എം റേഡിയോയിലൂടെയും സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ എന്‍ജിഒകള്‍, ഇതര ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഴിയും ബോധവത്കരണം നടത്തിവരുന്നുണ്ട്. ഇതിന് പുറമേ ഗെയിലിന്റെ ഭാഗത്തുനിന്ന് വില്ലേജുകള്‍ തോറും ഉദ്യോഗസ്ഥര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇതേ ദിവസം എഎന്‍ നെല്ലിക്കുന്നിനോടും കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഒന്നാം ചോദ്യം- കേരളത്തിലെ ഏതെല്ലാം ജില്ലകളിലൂടെയാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്?

ഉത്തരം- കേരളത്തില്‍ എറണാകുളം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലൂടെയാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

രണ്ടാം ചോദ്യം- പ്രസ്തുത പൈപ്പ് ലൈന്‍ കടന്നുപോകുന്ന എല്ലാ പ്രദേശങ്ങളിലും എതിര്‍പ്പുകള്‍ ഉണ്ടോ? ഇതിനകം ഏതെല്ലാം പ്രദേശങ്ങളിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്?

ഉത്തരം- എല്ലാ പ്രദേശങ്ങളിലും എതിര്‍പ്പുകളില്ല. ഇതിനകം എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ്, എന്നീ ജില്ലകളിലായി 27,693 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈനുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്.

മൂന്നാം ചോദ്യം- ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്ന ചീഫ് സെക്രട്ടറിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിന്മേല്‍ നിലപാട് വ്യക്തമാക്കുമോ?

ഉത്തരം- പരമാവധി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിനായി ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്തുകൊണ്ടുമാത്രമേ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂ.

നാലാം ചോദ്യം- പ്രസ്തുത വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുവാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

ഉത്തരം- പൈപ്പ് ലൈന്‍ പദ്ധതിയുടെ സുരക്ഷയേപ്പറ്റി ജനങ്ങളുടെ മനസില്‍ ഉടലെടുത്തിട്ടുള്ള ആശങ്ക മാറ്റിയെടുത്തു. പദ്ധതിയുടെ സുരക്ഷിതത്വത്തേപ്പറ്റിയും പദ്ധതിയിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങളേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതിലൂടെ പൈപ്പ് ലൈന്‍ പദ്ധതിയേപ്പറ്റിയുള്ള ജനങ്ങളുടെ ആശങ്കയകറ്റുവാനും സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

പത്ര പരസ്യങ്ങളിലൂടെയും ലഘുരേഖകള്‍ മുഖേനയും എഫ്എം റേഡിയോയിലൂടെയും സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ എന്‍ജിഒകള്‍, ഇതര ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഴിയും ബോധവത്കരണം നടത്തിവരുന്നുണ്ട്. ഇതിന് പുറമേ ഗെയിലിന്റെ ഭാഗത്തുനിന്ന് വില്ലേജുകള്‍ തോറും ഉദ്യോഗസ്ഥര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇങ്ങനെയാണ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പദ്ധതിയേപ്പറ്റി കുഞ്ഞാലിക്കുട്ടി വിശദമാക്കിയത്. എന്നാലിപ്പോള്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും സൊളിഡാരിറ്റിയും പോലുള്ള തീവ്ര മത സംഘടനകളോടൊപ്പം സര്‍ക്കാറിന്റെ വികസന പദ്ധതികളെ എതിര്‍ക്കാനാണ് യുഡിഎഫ് സഖ്യകക്ഷികളുടെ ശ്രമം. കഥയെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം പദ്ധതികളെ അട്ടിമറിക്കാനും സര്‍ക്കാരിനെതിരെ ജനരോഷം സൃഷ്ടിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

DONT MISS
Top