“എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, സൊളിഡാരിറ്റി എന്നീ തീവ്രവാദ സംഘടനകളാണ് മുക്കം സംഘര്‍ഷത്തിന് പിന്നില്‍, യുഡിഎഫും മുസ്‌ലിം ലീഗും തീവ്രവാദികളോടൊപ്പം”, കാര്യങ്ങള്‍ വ്യക്തമാക്കി സിപിഐഎം

മുക്കത്ത് സംഘര്‍ഷം സൃഷ്ടിച്ചവര്‍ റോഡിന് തീയിട്ടപ്പോള്‍, സിപിഐഎമ്മിന്റെ പത്രക്കുറിപ്പ്

കോഴിക്കോട്‌: എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും സൊളിഡാരിറ്റിയും തീവ്രവാദ സംഘടനകളാണെന്ന നിലപാട് വീണ്ടും കൃത്യമായി വ്യക്തമാക്കി സിപിഐഎം. വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ സാഹചര്യം ഇങ്ങനെ വഷളാക്കിയതും സംഘര്‍ഷമുണ്ടാക്കിയതും ഈ തീവ്രവാദ സംഘടനകളാണെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് ഊന്നിപ്പറഞ്ഞു.

ഇത്തരം തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നു പത്രക്കുറിപ്പില്‍ സിപിഐഎം ആവശ്യപ്പെടുന്നു. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, സൊളിഡാരിറ്റി എന്നീ തീവ്രവാദ സംഘടനകള്‍ കടുത്ത വികസന വിരോധികളേയും ഇടതുപക്ഷ വിരോധികളേയും കൂട്ടുപിടിച്ച് നാട്ടുകാരെ അക്രമത്തിലേക്ക് തള്ളിവിട്ടു.

ഗെയില്‍ ഉദ്യോഗസ്ഥരെ അക്രമിച്ചതും അക്രമം തടയാനെത്തിയ പൊലീസിനെതിരെ സമരക്കാരെ തിരിച്ചുവിടാനായി ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കിയതും തീവ്രവാദി സംഘങ്ങളാണ്. കുഴപ്പങ്ങളുണ്ടായപ്പോള്‍ അക്രമികളായ തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ പക്ഷപ്പെടുകയും ഇതില്‍ പങ്കാളികളായ നാട്ടുകാര്‍ പൊലീസ് പിടിയിലാവുകയും ചെയ്തു. ഗെയിലിന്റെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചവരെ പൊലീസ് കസ്റ്റഡിയില്‍നിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നില്‍ ഉപരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതും പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ നേതാക്കളാണ്. സിപിഐഎം പ്രസ്താവിച്ചു.

കേരളത്തിന്റെ ഊര്‍ജ്ജ വികസന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വ്യവസായ വികസന പദ്ധതിയായ ഗെയ്‌ലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദി സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന് പകരം യുഡിഎഫും ലീഗ്-കോണ്‍ഗ്രസ് നേതാക്കളും തീവ്രവാദികളോടൊപ്പം മുക്കം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയെന്നത് ഗൗരവാവഹമായ പ്രശ്‌നമായിത്തന്നെ ജനാധിപത്യ മത നിരപേക്ഷ ശക്തികള്‍ കാണണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ പത്രക്കുറിപ്പ് മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് ഇസ്‌ലാം വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നുള്ള പ്രചരണം ശക്തമായി നടക്കുന്നുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, സൊളിഡാരിറ്റി എന്നിവര്‍ തീവ്രവാദികളും പ്രാകൃത സമ്പ്രദായം പിന്തുടരുന്നവരുമാണെന്ന് വ്യക്തമാക്കിയതിനേത്തുടര്‍ന്ന് മൊത്തം ഇസ്‌ലാം മത വിശ്വാസികളേയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ തല്‍പരകക്ഷികള്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

DONT MISS
Top