സ്ത്രീ സുരക്ഷയില്‍ ഒന്നാമത് ഗോവ; കേരളത്തിന് രണ്ടാം സ്ഥാനം

പ്രതീകാത്മക ചിത്രം

ദില്ലി : ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് ഗോവയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. കേരളത്തിനാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തുവിട്ട, പ്ലാന്‍ ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടുപ്രകാരമാണ് ഗോവയും കേരളവും മുന്നിലെത്തിയത്. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ബിഹാറാണ്. രാജ്യതലസ്ഥാനമായ ദില്ലി ഒരു സ്ഥാനം മാത്രം മുന്നില്‍ 28 -ാം സ്ഥാനത്താണുള്ളത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മിസോറാമിനാണ് മൂന്നാം സ്ഥാനം. സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ നാലും  അഞ്ചും സ്ഥാനങ്ങള്‍ നേടി.  ദില്ലിക്കും ബിഹാറിനും പുറമേ  ഗുജറാത്ത്, ഝാര്‍ഖണ്ട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ വളരെ പിന്നോക്കമാണ്.

വിദ്യാഭ്യാസം, ദാരിദ്രം, സുരക്ഷ, ആരോഗ്യം എന്നീ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് എല്ലാ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ എടുത്തത്. ഇതില്‍ 0.656 ജിവിഐ ഇന്‍ഡക്‌സ് നേടിയാണ് ഗോവ ഒന്നാം സ്ഥാനം നേടിയത്. 0.634 ആണ് കേരളത്തിന്റെ ജിവിഐ ഇന്‍ഡക്‌സ്.

സ്ത്രീകളുടെ ആരോഗ്യ കാര്യത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ഗോവ ആറാം സ്ഥാനത്താണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഹിമാചല്‍ പ്രദേശ്, സിക്കിം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത്.

DONT MISS
Top