ജിഷ്ണു കേസ് അന്വേഷണം ഏറ്റെടുക്കാത്തത് വിജ്ഞാപനം ലഭിക്കാത്തതിനാലെന്ന് സിബിഐ

ദില്ലി: ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം കൈമാറികൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ സുപ്രിം കോടതിയില്‍. വിജ്ഞാപനം ലഭിച്ച ശേഷം മാത്രമേ അന്വേഷണം ഏറ്റെടുക്കണമോയെന്നു തീരുമാനിക്കൂ. അടുത്ത വ്യാഴാഴ്ചയ്ക്കകം സിബിഐ നിലപാടറിയിക്കണമെന്നും അല്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.

ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക് വിട്ടു കൊണ്ട് ജൂണ്‍ 15 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം ഇനിയും സിബിഐയ്ക്ക് ലഭിച്ചില്ല. വിജ്ഞാപനം സിബിഐയ്ക്ക് അയക്കാന്‍ ഓഗസ്റ്റ് 14 ന് ഡിജിപി സംസ്ഥാന ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിജ്ഞാപനം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചു. വിജ്ഞാപനം ലഭിക്കാതെ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന് തീരുമാനീക്കാനാകില്ല. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്നും ഇത് സിബിഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിഎസ് നരസിംഹ അറിയിച്ചു.

ജൂണില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജ്ഞാപനം ഇറക്കിയതായി പറയുന്നുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. ഈ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. കേസ് ഏറ്റെടുക്കുമോയെന്ന് ചൊവാഴ്ചയ്ക്കകം സിബിഐ അറിയിക്കണം. ഇല്ലെങ്കില്‍ കോടതി സ്വന്തം നിലയില്‍ ഉത്തരവിറക്കും. വ്യാഴാഴ്ചയാണ് കേസില്‍ അന്തിമവാദം നടക്കുക. അതേസമയം, ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള കൃഷ്ണദാസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top