കുഞ്ഞാലി മരയ്ക്കാരാകാന്‍ മോഹന്‍ലാലും മമ്മൂട്ടിയും; വെവ്വേറെ ചിത്രങ്ങള്‍ പ്രഖ്യാപിച്ച് സന്തോഷ് ശിവനും പ്രിയദര്‍ശനും

മോഹന്‍ലാല്‍, മമ്മൂട്ടി

മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാരായി എത്തുന്നു. കേള്‍ക്കുമ്പോള്‍ രണ്ടും ഒരു പ്രൊജക്ട് ആണെന്ന് തോന്നാമെങ്കിലും അങ്ങനെയല്ല. രണ്ടും വെവ്വേറെ ചിത്രങ്ങള്‍, വേവ്വേറെ സംവിധായകരും. മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്.

ഓഗസ്റ്റ് സിനിമാസാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ നിര്‍മിക്കുന്നത്. ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായാണ് അഭിനയിക്കുക. ചിത്രത്തേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വലിയ ക്യാന്‍വാസിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന.

താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന കുഞ്ഞാലി മരയ്ക്കാരെപ്പറ്റി പ്രിയദര്‍ശന്‍ ഒരു ദേശീയ മാധ്യമത്തോടാണ് വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ആയിരിക്കും ചിത്രത്തിലെ നായകന്‍. മോഹന്‍ലാലുമൊത്ത് ഒരു ബിഗ് ബജറ്റ് ചിത്രം എന്നത് യാതാര്‍ത്ഥ്യമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലി മരയ്ക്കാരെപ്പറ്റിയുളള വിവരശേഖരണത്തിലാണ്. ഒരു 10 മാസമെങ്കിലും സമയമെടുക്കും ഈ പഠനം പൂര്‍ത്തിയാകാന്‍. സാങ്കല്‍പികവും യാതാര്‍ത്ഥ്യവുമായ കാര്യങ്ങള്‍ സമ്മിശ്രമായി ചിത്രീകരിക്കപ്പെടുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. മഹേഷിന്റെ പ്രതികാരം എന്ന മലയാളചിത്രത്തിന്റ തമിഴ് റീമേക്ക് പൂര്‍ത്തീകരിച്ചതിനുശേഷം ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പ്രിയദര്‍ശന്‍.

ഒരു കഥാപാത്രമായി സൂപ്പര്‍ താരങ്ങള്‍ അടുത്തടുത്ത് സിനിമകള്‍ ചെയ്യുന്നത് അപൂര്‍വമാണ്. നേരത്തെ ‘കര്‍ണന്‍’ എന്ന ഇതിഹാസ കഥാപാത്രമായി പൃഥ്വിരാജും മമ്മൂട്ടിയും പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് പ്രൊജക്ടും നടക്കാതെപോയി. കുഞ്ഞാലി മരയ്ക്കാരിന്റെ കാര്യത്തിലും ഇരുതാരങ്ങളും അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.

DONT MISS
Top