ജിഷ്ണു പ്രണോയ് കേസ്: സംസ്ഥാന സര്‍ക്കാര്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഫയല്‍ ചിത്രം

ദില്ലി: ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നെഹ്‌റു കോളെജില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നു പൊലീസ് അറിയിച്ചു. കൃഷ്ണദാസിന്റെ അമ്മയ്ക്ക് ഗുരുതരരോഗങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ടുള്ള കൃഷ്ണദാസിന്റെ അപേക്ഷയ്ക്കുള്ള മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.

ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സുപ്രിം കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്. നെഹ്‌റു കോളെജില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍, മൂന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍, രണ്ട് സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡ് എന്നിവ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക് ഗുജറാത്തിലെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചു. ജിഷ്ണുവിന്റേതെന്ന് പറയപ്പെടുന്ന മാപ്പപേക്ഷകളിലെ കൈയക്ഷരം മുഴുവനായും ജിഷ്ണുവിന്റേതല്ല. പ്രണോയ് എന്നെഴുതിയില്‍ മാത്രമേ സാമ്യമുള്ളൂ. അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഷഹീര്‍ ഷൗക്കത്തലി കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കോയമ്പത്തൂരില്‍ തന്നെ തങ്ങണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കൃഷ്ണദാസ് നല്‍കിയ അപേക്ഷയില്‍ വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കോടതിയെ നിലപാടറിയിക്കും. രോഗബാധിതയായ അമ്മയെ കാണാന്‍ അനുവദിക്കണമെന്ന അപേക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍ നേരിട്ട് പരിശോധന നടത്തി. എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കൃഷ്ണദാസിന്റെ അമ്മയ്ക്ക് ഇല്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. അതേസമയം, കേസുമായി തനിക്ക് ബന്ധമില്ലെന്ന് കാട്ടി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

DONT MISS
Top