പതിനാറുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രക്ഷിതാക്കളുടെ ധര്‍ണ്ണ ഇന്ന്: മകന് നീതി ലഭിച്ചില്ലെന്ന് ആരോപണം

നടക്കാവ് പൊലീസ് സ്റ്റേഷന്‍

കോഴിക്കോട്: കോഴിക്കോട് പതിനാറുകാരനെ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ കുടുംബവും അയല്‍വാസികളും സമരത്തിലേക്ക്. സമരത്തിന്റെ ആദ്യ പടിയായി നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ധര്‍ണ നടത്തും. പൊലീസ് നീതി നിഷേധിക്കുന്നുവെന്നാരോപിച്ചാണ് സമരം നടത്തുന്നത്.

സംഭവത്തില്‍ എസ്‌ഐ ഹബീബുള്ളക്കെതിരെ കേസെടുത്തിരുന്നു. എസ്‌ഐയുടെ പ്രതിശുത വധുവിന്റെ പരാതിയില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ പൊലീസ് തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടതിനാലാണ് നേരത്തെ നടത്താനിരുന്ന നിരാഹാര സമരം മാറ്റിവെച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്ത പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. എസ്‌ഐ ഹബീബുള്ളക്കെതിരെ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെ കയ്യേറ്റം ചെയ്തുവെന്നും അസഭ്യമായി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി എസ്‌ഐയുടെ പ്രതിശുത വധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 294ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

അര്‍ധരാത്രിയില്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വനിതാ ഹോസ്റ്റലിന് മുന്നില്‍ക്കണ്ട മെഡിക്കല്‍ കോളെജ് എസ്‌ഐയെ ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റത്. വീട്ടുകാരെ മെഡിക്കല്‍ കോളെജ് എസ്‌ഐ അസഭ്യം പറയുന്നത് ചോദ്യംചെയ്തപ്പോള്‍ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. എന്നാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ പോയതാണെന്നും കുട്ടി ചോദ്യം ചെയ്തപ്പോള്‍ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു എസ്‌ഐയുടെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top