കോട്ടയത്തു നിന്നും ദമ്പതികളെ കാണാതായ സംഭവം; മൂന്നാം ഘട്ട അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാണാതായ ദമ്പതികള്‍

കോട്ടയം: കോട്ടയത്തു നിന്നും കാണാതായ ദമ്പതികള്‍ക്കായുള്ള മൂന്നാം ഘട്ട അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. പ്രത്യേക അന്വേഷസംഘത്തിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ പീരുമേട് മേഖല കേന്ദ്രികരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. കുമ്മനം സ്വദേശികളായ ദമ്പതികളെ ദൂരുഹസാഹചര്യത്തില്‍ കാണാതായിട്ട് ഏഴ് മാസം പിന്നിട്ടു.

കഴിഞ്ഞ എപ്രില്‍ മാസം 6 ാം തിയതിയാണ് കോട്ടയം കുമ്മനം സ്വദേശികളായ അറുപുരയ്ക്കല്‍ ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതായത്. രജിസ്‌ട്രേഷന്‍ നടന്നിട്ടില്ലാത്ത കാറില്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ ഇവരെ കുറിച്ച് പീന്നിട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് നടത്തിയ അന്വേഷണവും വഴിമുട്ടി. ഇവരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം പീരുമേട് താലുക്കിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ദമ്പതികള്‍ക്കായുള്ള തെരച്ചില്‍ നടത്തിയത്. കാണാതായതിന്റെ തലേദിവസം ഹാഷിം സ്വന്തം കാറില്‍ പീരുമേട് മേഖല സന്ദര്‍ശിച്ചിരുന്നതായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അപകടസാധ്യത കൂടിയ മേഖല കേന്ദ്രീകരിച്ച് പൊലീസ് തെരച്ചില്‍ നടത്തിയത്.

വരുംദിവസങ്ങളില്‍ നേവിയുടെ സഹായത്തോടെ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും തെരച്ചില്‍ നടത്തുവാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദൂരുഹതകള്‍ ഉണ്ടോയെന്നുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

DONT MISS
Top