ക്രിസ്ത്യാനിയാണെന്ന് തെളിയിക്കാന്‍ വിജയ്‌യുടെ തിരിച്ചറിയല്‍ കാര്‍ഡ് പങ്കുവച്ച് എച്ച് രാജ; കൂടുതല്‍ പ്രകോപിതരായി വിജയ് ആരാധകര്‍

ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ മെര്‍സലിനെ സംബന്ധിച്ച അനാവശ്യ വിവാദം കൂടുതല്‍ കൊഴുപ്പിച്ചുകൊണ്ട് നടന്‍ വിജയ്‌യുടെ തിരിച്ചറിയല്‍ രേഖ പുറത്തുവിട്ടു. വിജയ് ക്രിസ്ത്യാനി തന്നെയാണെന്ന് തെളിയിക്കുകയാണ് ഉദ്ദേശം. എന്നാല്‍ അക്കാര്യം നേരത്തെ അറിയാവുന്ന തമിഴര്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പ്രകോപിതരാവുകയാണ്.

എന്തിനാണ് ഇങ്ങനെയൊരു തിരിച്ചറിയല്‍ രേഖ എന്നതിന് രാജയ്ക്ക് മറുപടിയില്ല. എന്നാല്‍ കയ്‌പ്പേറിയ സത്യം എന്നുപറഞ്ഞാണ് രേഖ പങ്കുവച്ചിരിക്കുന്നതും. എന്താണിതിലെ കയ്‌പ്പേറിയ സത്യം എന്നും രാജ വ്യക്തമാക്കുന്നില്ല. ക്രിസ്ത്യാനിയാണ്, അതുകൊണ്ട് മോദി വിമര്‍ശനം എന്ന തരംതാണതും വര്‍ഗീയവുമായ വാദത്തിന് ഈ തിരിച്ചറിയല്‍ രേഖ ബലം പകരും എന്നാണ് രാജയുടെ ധാരണ.

നേരത്തെ മെര്‍സല്‍ ഇന്റര്‍നെറ്റില്‍ കണ്ടുവെന്നുപറഞ്ഞ് വലിയ വിവാദമാണ് ഇദ്ദേഹം ക്ഷണിച്ചുവരുത്തിയത്. തമിഴ് സിനിമാ രംഗത്തുനിന്നും നിരവധിയാളുകള്‍ ഇദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു.

ഒരു ചാനലിനോടായിരുന്നു രാജയുടെ തുറന്നുപറച്ചില്‍. ഇദ്ദേഹം തന്നെയാണ് മെര്‍സലിന്റെ നിര്‍മാതാവ് ക്രിസ്ത്യാനിയാണോ എന്ന് പരിശോധിക്കും എന്നും പറഞ്ഞത്. വിഷയത്തില്‍ മതം കലര്‍ത്തിയ ഇയാള്‍ പക്ഷേ സ്വന്തം കാര്യത്തില്‍ നിയമ ലംഘനം നടത്താന്‍ യാതൊരുമടിയും കാണിച്ചില്ല. ഇന്റര്‍നെറ്റില്‍നിന്ന് സിനിമയുടെ വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കടുത്ത നിയമ ലംഘനമാണെന്നിരിക്കെ ഇയാള്‍ക്കെതിരെ നിയമ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

എന്നാല്‍ പറഞ്ഞ മണ്ടത്തരവും നിയമലംഘനവും മനസിലാക്കിയെന്നവണ്ണം വാട്ട്‌സാപ്പ് ക്ലിപ്പാണ് കണ്ടതെന്നുപറഞ്ഞ് ഉരുണ്ടുകളിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ ദേശീയ സെക്രട്ടറിയായതിനാല്‍ സിനിമകളുടെ വ്യാജപതിപ്പ് കാണാം എന്നാണോ ഇയാള്‍ ഉദ്ദേശിച്ചത് എന്നും വ്യക്തമല്ല. എന്തായാലും സിനിമ വെട്ടക്കുറയ്ക്കണം എന്ന ബിജെപിയുടെ ആവശ്യത്തിനായി മുറവിളികൂട്ടുന്നവരില്‍ സിനിമയുടെ വ്യാജപ്രിന്റുകള്‍ കൈവശം വച്ച് കാണുന്നവരുമുണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്.

DONT MISS
Top