ഇരുനൂറാം ഏകദിനത്തില്‍ നൂറടിച്ച് കോഹ്‌ലി; ഇന്ത്യ എട്ടിന് 280

വാംഖഡെ: തന്റെ ഇരുനൂറാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കോഹ്‌ലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ന്യൂസിലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 280 റണ്‍സെടുത്തു. 121 റണ്‍സെടുത്ത കോഹ്‌ലിക്ക് പുറമെ ദിനേശ് കാര്‍ത്തിക് (37), ഭുവനേശ്വര്‍ കുമാര്‍ (26), എംഎസ് ധോണി (25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാലുവിക്കറ്റുകള്‍ വീഴ്ത്തിയ ഇടം കൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ വരിഞ്ഞ് മുറുക്കിയത്.

ഏകദിനത്തില്‍ 31 ആം സെഞ്ച്വറി സ്വന്തമാക്കിയ കോഹ്‌ലി 125 പന്തിലാണ് 121 റണ്‍സെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു കോഹ്‌ലിയുടെ ശതകം. ഇതോടെ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാനും ഇന്ത്യന്‍ നായകന് സാധിച്ചു. 30 സെഞ്ച്വറികള്‍ സ്വന്തമാക്കിയിരുന്ന ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് കോഹ്‌ലി ഇക്കാര്യത്തില്‍ മറി കടന്നത്.


റണ്‍സ് ഒഴുകുന്ന പാരമ്പര്യമുള്ള വാംഖഡെയിലെ പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ 16 ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് ആതിഥേയര്‍ക്ക് നഷ്ടമായി. 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ധവാനെ ബോള്‍ട്ടിന്റെ പന്തില്‍ ലാതം പിടിച്ച് പുറത്താക്കി. സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും രോഹിത് ശര്‍മയും കൂടാരം കയറി. 18 പന്തില്‍ 20 റണ്‍സുമായി മുന്നേറുകയായിരുന്ന രോഹിതിനെ ബോള്‍ട്ട് ബൗള്‍ ചെയ്തു. ഓസീസിനെതിരായ പരമ്പരയില്‍ മികച്ച ഫോം പ്രകടിപ്പിച്ച രോഹിത് തുടക്കത്തില്‍ തന്നെ പുറത്തായത് ഇന്ത്യന്‍ സ്‌കോറിംഗിനെ ബാധിച്ചു. നാലാമനായെത്തിയ കേദാര്‍ ജാദവിന് ഇത്തവണയും തിളങ്ങാനായില്ല. 25 പന്തില്‍ വെറും 12 റണ്‍സായിരുന്നു ജാദവിന് നേടാനായത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ദിനേശ് കാര്‍ത്തിക്കുമൊത്ത് കോഹ്‌ലി നാലാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ സ്‌കോര്‍ 144 ല്‍ നില്‍ക്കെ കാര്‍ത്തിക്കിനെ പുറത്താക്കി ടിം സൗത്തി കൂട്ടുകെട്ട് പൊളിച്ചു. 47 പന്തില്‍ നാല് ഫോറുകള്‍ ഉള്‍പ്പെടെ 37 റണ്‍സെടുത്താണ് കാര്‍ത്തിക് പുറത്തായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top