കൂട്ട ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; സല്‍മാന്‍ഖാന്റെ ബോഡീഗാഡിനെതിരെ യുവതി രംഗത്ത്


സല്‍മാന്‍ ഖാനോടൊപ്പം ഷേറ

മുംബൈ : കൂട്ട ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബോളീവുഡ്താരം സല്‍മാന്‍ഖാന്റെ ബോഡീഗാഡിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. ശബ്‌നം അബ്ദുള്‍ ഹമീദ് ഷെയ്ക്ക് എന്ന യുവതിയാണ് സല്‍മാന്റെ ഷേറാ എന്ന ബോഡീഗാഡിനെതിരെ പരാതി നല്‍കിയത്.

ബിഗ്‌ബോസിലെ മത്സരാര്‍ത്ഥിയായ സുഹൈര്‍ ഖാന്‍ പരിപാടിയുടെ അവതാരകനായ സല്‍മാന്‍ ഖാനെതിരെ തന്നെ അപമാനിച്ചു എന്ന പേരില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ സുഹൈറിനെ ശബ്‌നമാണ് സഹായിച്ചതെന്ന് സല്‍മാന്‍ ഖാന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ശബ്‌നത്തിനെ ഷേറ ഭീഷണിപ്പെടുത്തിയത്.

ഇന്നലെയാണ് ശബ്‌നത്തിനെ ഷേറ ഫോണില്‍ വിളിച്ചത്. ആളെ മനസ്സിലാകാത്തതുകൊണ്ട് ആരാണെന്ന് ചോദിച്ചപ്പോള്‍ തന്റെ പേര് ഷേറ എന്നാണെന്നും താന്‍ സല്‍മാന്‍ ഖാന്റെ ബോഡീഗാര്‍ഡാണെന്ന് പരിചയപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിളിച്ചതിന്റെ കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോള്‍ സുഹൈര്‍ നല്‍കിയ പരാതി ഒത്തു തീര്‍പ്പാക്കിയില്ലെങ്കില്‍ ശബ്‌നത്തെ കൂട്ട ബലാത്സംഗം ചെയ്യുമെന്ന് ഭീക്ഷിപ്പെടുത്തയതായും യുവതി പറയുന്നു.

റിയാലിറ്റി ഷോയില്‍ അപമാനിക്കപ്പെട്ടതിനെതുടര്‍ന്ന് സുഹൈര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് വോട്ടുകള്‍ കുറഞ്ഞ സുഹൈറിനെ പുറത്താക്കിയതായി സല്‍മാന്‍ ഖാന്‍ തന്നെയായിരുന്നു പരിപാടിയില്‍ പറഞ്ഞത്. ബാന്ദ്ര സ്വദേശിയായ ശബ്‌നം ഒരു തുണിക്കടയുടെ ഉടമയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top