“120 കോടി ജനങ്ങളില്‍ 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്”, ‘മെര്‍സലിനെ’ വിമര്‍ശിച്ച ബിജെപിക്ക് കിടിലന്‍ മറുപടി നല്‍കി വിജയ് ഫാന്‍സ്

ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍നിന്ന് ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി വിജയ് ഫാന്‍സ്. സിനിമയില്‍ ഏതൊക്കെ ഡയലോഗുകളാണോ ബിജെപിയെ പ്രകോപിപ്പിച്ചത് അതേ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് തിരിച്ചടി നല്‍കുകയാണ് വിജയ് ആരാധകര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളതിനാലാണ് മെര്‍സലില്‍നിന്ന് ഇവ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് തമിളിസൈ സുന്ദര്‍രാജാണ് ചിത്രത്തിനെപ്പറ്റി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്.

ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹസിക്കപ്പെടുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം രംഗത്തെത്തി. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു രംഗം പോലും നീക്കം ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ നടന്‍ വിജയ്‌ക്കെതിരെ വ്യാപക ആരോപണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു ബിജെപി.

മോദിയെ ശത്രുവായി കാണുന്നതു കൊണ്ടാണ് വിജയ് ചിത്രത്തില്‍ ഇങ്ങനെ അഭിനയിച്ചതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്നും അതല്ലെങ്കില്‍ നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയ താരത്തിനെതിരെ ആരോപണം അഴിച്ചു വിട്ടത് വിജയ് ഫാന്‍സിനെ ദേഷ്യം പിടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിലെ വിവാദമായ ഡയലോഗുകള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ബിജെപിയെ പ്രകോപിപ്പിച്ച ഡയലോഗുകള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്തു കൊണ്ടാണ് വാട്ട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിപ്പിച്ചത്.

1.7% ജിഎസ്ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജിഎസ്ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ?
2.120 കോടി ജനങ്ങളില്‍ 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്.
3.ആരാധാനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രികളാണ് രാജ്യത്തിന് ആവശ്യം.
4.ഇനിയൊരു 30 വര്‍ഷത്തിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ആയിരിക്കും മെഡിക്കല്‍ ഫീല്‍ഡ്.

എന്നു തുടങ്ങി ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹസിക്കപ്പെടുന്നുണ്ട്.

ഇത്തരം ഡയലോഗുകള്‍ പാര്‍ട്ടിയേയും നരേന്ദ്ര മോദിയെയും അപമാനിക്കാനായി മനപ്പൂര്‍വ്വം ഉപയോഗിച്ചതാണെന്ന് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സ്വയം സമ്മതിക്കുന്നതിന് തുല്യമാണ് ബിജെപിയുടെ ആരോപണവും പ്രതിഷേധവുമെന്ന അഭിപ്രായം ശക്തമായിക്കഴിഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതെന്താണെന്ന് സാധാരണക്കാരായ ജനങ്ങളെ വ്യക്തമായി ബോധവത്കരിക്കാനുള്ള ശ്രമം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും പ്രതികരണങ്ങളുണ്ടായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top