സൈബര്‍ ആക്രമണത്തിന് സാധ്യത കൂടുതല്‍; വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം

പ്രതീകാത്മക ചിത്രം

ദില്ലി : വിമാനത്താവളം, റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കരുതെന്ന് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായതിനാലാണ് ഗവണ്‍മെന്റ് ഏജന്‍സി ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഉപയോഗിക്കുമ്പോള്‍ സൈബര്‍ ആക്രമണത്തിന് സാധ്യത കൂടുതലാണെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

സൈബര്‍ ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ഒട്ടും സുരക്ഷിതത്വം നല്‍കുന്നില്ല. അതുകൊണ്ട്തന്നെ ഇതു വഴി നെറ്റ് ഉപയോഗിക്കുന്നത് ഇമെയില്‍, മറ്റ് സമൂഹ മാധ്യമങ്ങളുടെ പാസ്‌വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ചാറ്റ് മെസ്സേജുകള്‍, ഇമെയിലുകള്‍ എന്നിവ ചോര്‍ത്തപ്പെടാനുള്ള സാധ്യത കൂടതലാണെന്നാണ് ഏജന്‍സി അധികൃതര്‍ പറയുന്നത്.

ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക്ഒഎസ്, വിന്‍ഡോസ് ഒഎസ് തുടങ്ങി എല്ലാ ഒഎസുകളും ഹാക്ക് ചെയ്യപ്പെടും. അതുകൊണ്ട്തന്നെ ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളില്‍ നിന്നും ലഭ്യമാകുന്ന വൈഫൈയും ഉപയോഗിക്കരുതെന്നും ഇവര്‍ പറയുന്നു.

DONT MISS
Top