ജുഡീഷ്യറിയെ കബളിപ്പിച്ച പ്രമുഖ വ്യവസായിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സൗദിയില്‍ പിടിയിലായി

പ്രതീകാത്മക ചിത്രം

ജുഡീഷ്യറിയെ കബളിപ്പിച്ച പ്രമുഖ വ്യവസായിയെ സൗദിയില്‍ പിടികൂടി. ഇദ്ദേഹം ഒരു സൗദി സ്വദേശിയാണ്. നിരവധി പേര്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തിയ കേസിലാണ് കോടതി അറസ്റ്റ് വാറണ്ടോടെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യറിയെ കബളിപ്പിച്ചും കോടതി വിധിയെ മാനിക്കാതെയും നിയമവ്യവസ്ഥയില്‍ നിന്നും ഒളിച്ചോടിയ, രാജ്യത്തെ അറിയപ്പെട്ട പ്രമുഖ വൃവസായിയെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷാവിഭാഗം പിടികൂടി അറസ്റ്റു ചെയ്തത്.

രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും അത് രാജകുടുംബമായാലും മന്ത്രിയായാലും കുറ്റം ചെയ്തതായി തെളിവ് ലഭിച്ചാല്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. നിരവധി കടക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിയ കേസില്‍ എക്‌സിക്യൂട്ടീവ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിന് ഉത്തരവിട്ടത്.

ഇദ്ദേഹത്തെ പിടികൂടാന്‍ സുരക്ഷാ വിഭാഗം വീട്ടിനുള്ളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് മണിക്കൂറുകളോളം ചെലവഴിച്ച് വിശാലമായ വീടിന്റെ പരിസരങ്ങളും അനുബന്ധ കെട്ടിടങ്ങളും പരിശോധിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ തൊഴിലാളികള്‍ നേരത്തെ താമസിച്ചിരുന്ന ഒഴിഞ്ഞ മുറിയില്‍ ഇയാള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു.

നിരവധി തവണ കോടതിയില്‍ വിചാരണ നേരിടുവാന്‍ വേണ്ടി ഹാജരാവണമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ഹാജരായിരുന്നില്ല. പിന്നീടാണ് ഇദ്ദേഹത്തെ പിടികൂടി ജഡ്ജിക്കുമുന്നില്‍ ഹാജരാക്കുവാന്‍ കോടതി വിധിച്ചത്. തുടര്‍ന്നു അദ്ദേഹത്തിന്റെ വീടും പരിസരവും പരിശോധിക്കുവാന്‍ ജനറല്‍ പ്രോസിക്യൂഷനില്‍ നിന്നും അനുവാദവും വാങ്ങിയാണ് സുരക്ഷാ വിഭാഗം പരിശോധിച്ചതും പിടികൂടിയതും. പ്രതിയോടൊപ്പം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതായി സംശയിക്കുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെയും പിടികൂടിയിട്ടുണ്ട്.

DONT MISS
Top