ദീപാവലി വെടിക്കെട്ടൊരുക്കി വിജയ് ചിത്രം ‘മെര്‍സല്‍’ തിയേറ്ററുകളില്‍

കൊച്ചി: തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് വിജയ് ചിത്രം ‘മെര്‍സല്‍’ റിലീസ് ചെയ്തു. ദീപാവലി നാളില്‍ ആരാധകര്‍ക്കുള്ള വെടിക്കെട്ടാകും ചിത്രമെന്നാണ് ലഭിക്കുന്ന പ്രതികരണം. ആറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തെറിക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മെര്‍സല്‍.

നിരവധി പ്രതിസന്ധികള്‍ക്ക് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. അനുമതിയില്ലാതെ ചിത്രത്തില്‍ മൃഗങ്ങളെ ഉപയോഗിച്ചുവെന്ന് കാട്ടി ദേശീയ മൃഗ സംരക്ഷണ ബോര്‍ഡ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിച്ചു. മെര്‍സലിന്റെ റിലീസ് തീയ്യതി നീണ്ടുപോകാന്‍ ഇതൊരു കാരണമായിരുന്നു.

ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയത്. ഡോ മാരന്‍, മജിഷ്യന്‍ വെട്രി, ദളപതി എന്നീ മൂന്ന് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. മെര്‍സല്‍ തികഞ്ഞ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണെന്നുതന്നെ പറയാം. തന്റെ ഗുരുവായ ശങ്കറിനെ ഓര്‍മ്മിപ്പിക്കും വിധമാണ് ആറ്റ്‌ലി മെര്‍സല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. പഞ്ച് ഡയലോഗുകളും ഹിറ്റ് പാട്ടുകളും, സംഘട്ടനങ്ങളും ചിത്രത്തില്‍ ഉണ്ട്. ദളപതി എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമന്ത, നിത്യാമേനോന്‍, കാജോള്‍ അഗര്‍വാള്‍ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം കേരളത്തില്‍ മാത്രം മുന്നൂറിലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മേളങ്ങളും ആര്‍പ്പുവിളികളുമായി വന്‍വരവേല്‍പ്പാണ് തമിഴ്‌നാട്ടിലും കേരളത്തിലുമായി വിജയ് ആരാധകര്‍ മെര്‍സലിന് ഒരുക്കിയത്. 130 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

DONT MISS
Top