അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം: ഫ്രാന്‍സ് സ്‌പെയിനെ നേരിടും

ഫയല്‍ ചിത്രം

ഗുവാഹത്തി : അണ്ടര്‍ 17 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിനാകും ഇന്ന് ഗുവാഹത്തി സാക്ഷ്യം വഹിക്കുക. കപ്പടിക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട യൂറോപ്പിലെ രണ്ട് വമ്പന്മാരാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ആര് ജയിച്ചാലും ഒരു സൂപ്പര്‍ ടീം ഇന്ന് പുറത്താകും.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ എതിരാളികളുടെ വല ചലിപ്പിച്ചതും ഫ്രഞ്ച് പടയാണ്. അതേസമയം ആദ്യമല്‍സരത്തില്‍ കരുത്തരായ ബ്രസീലിനോട് അടിയറവ് പറഞ്ഞെങ്കിലും, പിന്നീടുള്ള രണ്ട് മല്‍സരങ്ങളും ജയിച്ച് കൊച്ചിയുടെ മനം കവര്‍ന്നാണ് സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

യുവേഫ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിനെ 3-1 ന് സ്പാനിഷ് പട തോല്‍പ്പിച്ചിരുന്നു. അതേ ഫ്രഞ്ച് നിരയെയാണ് സ്‌പെയിന്‍ ഇന്ന് ലോകകപ്പില്‍ നേരിടുന്നത് എന്നതും മല്‍സരത്തിന്റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ, അണ്ടര്‍ 17 ലോകകിരീടം ഇതുവരെ നേടാനായിട്ടില്ല എന്ന നിരാശ ഇത്തവണ മായിച്ചുകളയണം എന്ന ഉറച്ച വിശ്വാസത്തിലാണ് സ്‌പെയിന്‍.  ഒരു തവണ അണ്ടര്‍ 17 ലോകകിരീടത്തില്‍ മുത്തമിട്ട ടീമാണ് ഫ്രാന്‍സ്.

ഇന്ന് നടക്കുന്ന മറ്റ് പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഇറാന്‍ അമേരിക്കന്‍ കരുത്തരായ മെക്‌സിക്കോയെയും, മലി ഇറാഖിനെയും, ഇംഗ്ലണ്ട് ജപ്പാനെയും നേരിടും. ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറാന്‍. അതേസമയം രണ്ടു സമനിലയും ഒരു തോല്‍വിയും അടക്കം മൂന്നാം സ്ഥാനക്കാരായാണ് മെക്സിക്കോ പ്രീക്വാര്‍ട്ടറിലെത്തിയത്.

കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ആഫ്രിക്കന്‍ കരുത്തരായ മലിക്ക്, ഏഷ്യന്‍ ശക്തരായ ഇറാഖാണ് എതിരാളി. ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് മലി പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സൂപ്പര്‍ താരം മുഹമ്മദ് ദാവൂദ് ഇല്ലാതെയാണ് മെസോപ്പൊട്ടോമിയയിലെ സിംഹങ്ങള്‍ എന്നറിയപ്പെടുന്ന ഇറാഖ് ഇന്ന് മലിയെ നേരിടാനിറങ്ങുന്നത്.

ലോകകിരീടത്തിനായി അവകാശമുന്നയിക്കുന്ന ഇംഗ്ലണ്ടിന് ഏഷ്യന്‍ ശക്തികളായ ജപ്പാനാണ് എതിരാളി. മൂന്നു കളികളില്‍ നിന്ന് 11 ഗോളുകള്‍ അടിച്ചുകൂട്ടിയ ഇംഗ്ലീഷ് നിര മികച്ച ഫോമിലാണ്. ഇതുവരെ അവസാന നാലില്‍ എത്താനായിട്ടില്ല എന്ന ചരിത്രം മാറ്റിയെഴുതുക ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ബൂട്ടുകെട്ടുന്നത്. ബെറൂസിയ ഡോര്‍ട്ട്മുണ്ടിന് വേണ്ടി കളിക്കാന്‍ പോയതിനാല്‍ സൂപ്പര്‍ താരം ജേഡന്‍ സാഞ്ചോ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കിന് ഉടമയായ കീറ്റോ നകാമുറോ, തായ്‌സീ മിയാഷിറോ, തക്കേഫുസ കുബോ എന്നിവരുടെ ഗോളടി മികവിലാണ് ജപ്പാന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ ജപ്പാന്‍ നേടിയ എട്ടു ഗോളുകളില്‍ ഏഴും നേടിയത് ഇവര്‍ മൂവരുമാണ്. രാത്രി എട്ടിനാണ് മല്‍സരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top