കൊച്ചി-ധനുഷ്‌കോടി ദേശീയപാതാവികസനം അനിശ്ചിതത്വത്തില്‍; തടസ്സവാദവുമായി വനംവകുപ്പ് അധികൃതര്‍ രംഗത്ത്

റോഡ് നിര്‍മാണം

മൂന്നാര്‍: കൊച്ചി-ധനുഷ്‌കോടി ദേശീയപാതാവികസനം അനിശ്ചിതാവസ്ഥയില്‍. മൂന്നാര്‍ ബോഡിമേട്ട് പാതയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് അധികൃതരുടെ പിടിവാശിമൂലം നിലച്ചത്. ബോഡിമേട്ട് മുതല്‍ 26 കിലോമീറ്റര്‍ സിഎച്ച്ആര്‍ മേഖലയിലൂടെയാണ് കടന്ന് പോകുന്നതെന്ന കാരണം പറഞ്ഞാണ് വനം വകുപ്പ് വിലങ്ങുതടിയാകുന്നത്.

ഇടുക്കി ജില്ലയിലെ ദേശീയപാത വികസനത്തിന് വനംവകുപ്പ് തടസ്സമായി നില്‍ക്കുന്നുവെന്ന ആരോപണമുയരുന്ന സാഹചര്യത്തിലാണ് നിലവില്‍ കാലങ്ങളുടെ കാത്തിരിപ്പിനുശേഷം സാക്ഷാത്കാരത്തിലെത്തിയ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ മൂന്നാര്‍ ബോഡിമേട്ട് റൂട്ടിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി വനംവകുപ്പ് എത്തിയിരിക്കുന്നത്.

ബോഡിമേട്ട് മുതല്‍ മൂന്നാര്‍ റൂട്ടില്‍ 26 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സിഎച്ച്ആര്‍ മേഖലയിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ശക്തമായ നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇതോടെ ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തു.

24 മാസത്തെ കാലാവധിയില്‍ കരാറെടുത്തിരിക്കുന്ന റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി ധ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തടസ്സവാദവുമായി വനംവകുപ്പ് എത്തിയിരിക്കുന്നത്. കാലങ്ങളുടെ കാത്തിരിപ്പിന് ശേഷമെത്തിയ വികസനത്തിന് തടസ്സം നില്‍ക്കുന്ന വനംവകുപ്പിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

DONT MISS
Top