മുഖസൗന്ദര്യത്തിന് ചികിത്സ; കൊളംബിയന്‍ യുവാവിന് ലഭിച്ചത് വികൃതമായ മുഖം

ജേഴ്‌സണ്‍ ട്രൂജിലോ

കൊളംബിയ: വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ കൊളംബിയക്കാരന്‍ ജേഴ്‌സണ്‍ ട്രുജിലോയ്ക്ക് പറ്റിയത് അതിലും വലിയ അബദ്ധമാണ്. മുഖം കൂടുതല്‍ സുന്ദരമാക്കാന്‍ ഡോക്ടറെ സമീപിച്ച ജേഴ്‌സണ് ഒടുവില്‍ വികൃതമായ മുഖവുമായി തിരിച്ചുവരേണ്ടി വന്നു.

ഇരുപത്തെട്ടുകാരനായ ഈ കൊളംബിയന്‍ യുവാവ് മുഖസൗന്ദര്യം വര്‍ധിപ്പിക്കാനാണ് സര്‍ജറിക്ക് വിധേയമായത്. പലരും ഇത്തരത്തില്‍ നിരവധി ശസ്ത്രക്രിയക്ക് വിധേയമാകാറുണ്ട്, വളരെ സൂക്ഷമതയോടും ശ്രദ്ധയോടും കൂടി ചെയ്യേണ്ടവയാണ് അവയെല്ലാം തന്നെ. എന്നാല്‍ ജേഴ്‌സണ് പിഴച്ചത് അവിടെയാണ്. കാരണം സമീപിച്ചത് വ്യാജഡോക്ടറെയായിരുന്നു.

സ്ത്രീകളെപ്പോലെ മൃദുലമായ മുഖ സൗന്ദര്യം നേടുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പഴുത്തളിഞ്ഞ മുഖമായിരുന്നു ഇയാള്‍ക്ക് തിരിച്ചുകിട്ടിയത്. മുഖത്ത് കുത്തിവെച്ച മരുന്നിന്റെ പാര്‍ശ്വഫലമാണ് വിനയായത്. ആദ്യം ചുവപ്പ് നിറമാണ് മുഖത്ത് കാണപ്പെട്ടത്. പിന്നീട് അത് പഴുക്കാന്‍ തുടങ്ങുകയുമായിരുന്നു. കവിളുകള്‍ കൂടുതല്‍ സുന്ദരമാകും എന്ന് പറഞ്ഞാണ് ഡോക്ടര്‍ മുഖത്ത് മരുന്ന് കുത്തിവെച്ചത്. അങ്ങേയറ്റം വേദനാജനകമായ നാല് സര്‍ജറിക്കാണ് ജേഴ്‌സണ്‍ ഇതുവരെ വിധേയമായത്.

2016 ല്‍ മാത്രം പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയരായി മുപ്പത് പേരാണ് കൊളംബിയയില്‍ മരിച്ചത്. സൗന്ദര്യ ചികിത്സകള്‍ക്ക് പ്രിയമേറുമ്പോള്‍ ഇത്തരത്തില്‍ വ്യാജ ക്ലിനിക്കുകളും ഡോക്ടര്‍മാരും നാള്‍ക്കുനാള്‍ ഇവിടെ വര്‍ധിച്ചുവരികയാണ്.

DONT MISS
Top