രക്ഷപ്പെടുത്തിയ പൊലീസുകാരനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി അവന്‍ ചിരിച്ചു; ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു; അനശ്വര നിമിഷം ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍

ഹൈദരാബാദ്: പരാതികളുമായി പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങുന്നവരുടെ ഏറ്റവും വലിയ പരാതി പൊലീസുകാര്‍ വിഷയം ഗൗരവത്തിലെടുക്കാറില്ലെന്നും നടപടികള്‍ക്ക് കാലതാമസം നേരിടുന്നുവെന്നുമാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ തിരുത്തിക്കുറിച്ച് പരാതി നല്‍കുന്നവര്‍ ആരായാലും സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദ് പൊലീസ്.

തെരുവില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇരുപത്തിയൊന്നുകാരി ഹുമേറാ ബീഗത്തിനാണ് പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ വഴി നഷ്ടപ്പെട്ട നിധി തിരിച്ചു കിട്ടിയത്. തെരുവോരത്ത് തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം ഉറങ്ങിക്കിടക്കുതകയായിരുന്ന ഹുമേറ ഒരുറക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ അരികില്‍ കിടന്ന കുഞ്ഞിനെ കാണാനില്ലായിരുന്നു. നിലവിളിച്ചുകൊണ്ട് സങ്കടം പറയാന്‍ അവള്‍ ഓടിയെത്തെിയത് നാമ്പള്ളി പൊലീസ് സ്റ്റേഷനിലായിരുന്നു.

ഉടന്‍തന്നെ പ്രവര്‍ത്തന നിരതരായ പൊലീസുകാരുടെ 15 മണിക്കൂര്‍ നീണ്ട അധ്വാനത്തിന് ഫലമുണ്ടായി. രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു. കാണാതായ കുഞ്ഞിനെ കണ്ടെത്തിയ ആ അനശ്വര നിമിഷത്തിന്റെ ഹൃദയം കുളിര്‍പ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തട്ടിക്കൊണ്ടു പോയവരില്‍ നിന്ന് തന്നെ ഏറ്റെടുത്ത പൊലീസുകാരന്റെ മുഖത്തു നോക്കി നാലു മാസം പ്രായമുള്ള കുരുന്ന് പല്ലില്ലാത്ത മോണ കാട്ടി നിറഞ്ഞു ചിരിക്കുന്ന ചിത്രം കാഴ്ചക്കാരുടെയും മനസ്സ് നിറയ്ക്കും.

ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരാളെ നോക്കി ഇത്ര മനോഹരമായി അവന്‍ ചിരിച്ചപ്പോള്‍ കണ്ടു നിന്നവരിലേക്ക് കൂടി ആ സന്തോഷം പടരുകയായിരുന്നു. ‘ആ പുഞ്ചിരി അതെന്റെ ഹൃദയത്തില്‍ എന്നുമുണ്ടായിരിക്കും’ എന്നാണ് നാമ്പള്ളി പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ഐആര്‍ സഞ്ജയ്കുമാര്‍ ആ നിമിഷത്തെക്കുറിച്ച് പ്രതികരിച്ചത്.

മനസ്സ് നിറച്ച ആ നിമിഷം കൂട്ടത്തിലാരോ ക്യാമറയില്‍ പകര്‍ത്തി. അവന്റെ പുഞ്ചിരി എല്ലാം പറയുന്നു എന്ന അടിക്കുറിപ്പോടെ ഹൈദരാബാദ് അഡീഷണല്‍ കമ്മീഷണര്‍ സ്വാതി ലാക്‌റ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇരുപതിനായിരത്തിലധികമാളുകളാണ് ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ചിത്രം ഷെയര്‍ ചെയ്തത്.

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതിന് മുഹമ്മദ് മുഷ്താഖ്, മുഹമ്മദ് യൂസഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 25 കാരനായ യൂസഫിന് ഒരു കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മുഷ്താഖ് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തെരുവോരത്തെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top