ലക്ഷ്മിയായി വധു, വിഷ്ണുവായി വരന്‍; കിരീടവും അരപ്പട്ടയുമായി മാതാപിതാക്കള്‍: ആള്‍ ദൈവത്തിന്റെ മകളുടെ വിവാഹത്തിനെത്തിയവര്‍ അമ്പരന്നു

ഹൈദരാബാദ്: വ്യത്യസ്ഥ രീതിയിലുള്ള വിവാഹ വീഡിയോകള്‍ കാണാറുണ്ട് സോഷ്യല്‍ മീഡിയയില്‍. ആഡംബര പ്രിയരുടേയും ലളിതമെങ്കിലും വ്യത്യസ്ഥമായ രീതിയില്‍ നടത്തുന്നവരുടേയും അങ്ങനെ പലരുടേയും. എന്നാല്‍ വിവാഹവേദിയില്‍ ഹിന്ദു പുരാണത്തിലെ കഥാപാത്രങ്ങള്‍ അണി നിരന്നാല്‍ എങ്ങനെയുണ്ടാകും? ലക്ഷ്മി ഭഗവതിയായി വധു, വിഷ്ണു ഭഗവാനായി വരന്‍, അരപ്പട്ടയും കിരീടവും സ്വര്‍ണ്ണാഭരണങ്ങളുമായി മാതാപിതാക്കള്‍. കാണാന്‍ ബഹുരസമായിരിക്കും എന്നതില്‍ സംശയം വേണ്ട.

ഇങ്ങനെയൊരു കല്യാണത്തിനാണ് കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ താനൂക്ക് ഗ്രാമം സാക്ഷ്യം വഹിച്ചത്. പുരാണ കഥാപാത്രങ്ങളായി വരനും വധുവും ബന്ധുക്കളും വേദിയിലെത്തിയപ്പോള്‍ കല്യാണം കൂടാനെത്തിയവര്‍ ശരിക്കും അമ്പരന്നു. നടക്കുന്നത് കല്യാണമോ അതോ വല്ല പുരാണ നാടകവുമാണോ എന്നൊരു സംശയം. സ്വര്‍ണ്ണാഭരണങ്ങളില്‍ കുളിച്ച് ഇരു വീട്ടുകാരുമെത്തിയതാണ് ആള്‍ക്കാരെ അമ്പരപ്പിച്ചത്. നടന്നത് ഒരു ആള്‍ ദൈവത്തിന്റെ മകളുടെ വിവാഹമായിരുന്നു എന്നതും ആളുകളുടെ ആകാംഷ വര്‍ധിപ്പിച്ചു.

സ്ഥലത്തെ ആള്‍ ദൈവമായ ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമാണ് ഇങ്ങനെ ദൈവിക കഥാപാത്രങ്ങളുടെ വേഷഭൂഷാധികളോടെ നടന്നത്. കിരീടവും സ്വര്‍ണ്ണാഭരണങ്ങളും അരപ്പട്ടയും അണിഞ്ഞാണ് ശ്രീധര്‍ സ്വാമിയും ഭാര്യയും മകളുടെ വിവാഹ വേദിയിലെത്തിയത്. മകളെത്തിയതാകട്ടെ ലക്ഷിയുടെ വേഷത്തിലും വരന്‍ വിഷ്ണുവിന്റെ വേഷത്തിലും.

ഇരുകൂട്ടരുടേയും ബന്ധുക്കളും കൂട്ടത്തിലെ കുട്ടികള്‍ വരെ സ്വര്‍ണ്ണാഭരണ വിഭൂഷിതരായി കിരീടവും വെച്ചാണ് വിവാഹത്തിനെത്തിയത്. എന്തായാലും ഈ വ്യത്യസ്ഥമായ കല്യാണം ഒരു ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ആള്‍ ദൈവമാണെന്ന് അവകാശപ്പെടുന്നയാള്‍ ഇത്തരത്തിലൊരു ആഡംബര ഭ്രമം കാട്ടിയതാണ് താനൂക്ക് നിവാസികളെ അമ്പരപ്പിക്കുന്നത്.

DONT MISS
Top