സാമ്പത്തിക നൊബേല്‍ പുരസ്‌കാരം: സാധ്യതാ പട്ടികയില്‍ രഘുറാം രാജനും

രഘുറാം രാജന്‍

സ്‌റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കുള്ള നൊബേല്‍ പുരസ്‌കാര പട്ടികയില്‍ മുന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും. തിങ്കളാഴ്ചയാണ് സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

പുരസ്‌കാരവിജയികളെ കുറിച്ചുള്ള വിവരങ്ങള്‍ അതീവരഹസ്യമാണെങ്കിലും പുരസ്‌കാരം നേടാന്‍ സാധ്യകല്‍പ്പിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പല നിരീക്ഷകരും നേരത്തെ പ്രവചിക്കാറുണ്ട്. ഇത്തരത്തില്‍ ഇത്തവണ പട്ടികയില്‍ ഇടംപിടിച്ച, സാമ്പത്തിക നൊബേല്‍ പുരസ്‌കാരത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന ആറുപേരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

2013 സെപ്റ്റബര്‍ മുതല്‍ മൂന്ന് വര്‍ഷമാണ് രഘുറാം രാജന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി വഹിച്ചത്. മധ്യപ്രദേശിലെ ഭോപാലില്‍ തമിഴ് കുടുംബത്തിലാണ് രഘുറാം രാജന്റെ ജനനം. 1952 ലെ ബാച്ചില്‍ ഒന്നാം റാങ്കുകാരനായ ഐപിഎസ് ഓഫീസറായിരുന്നു അദ്ദേഹത്തിന്റെ പിതാവ് അര്‍ ഗോവിന്ദരാജന്‍.

ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധരില്‍ ഒരാളായാണ് രഘുറാം രാജന്‍ പരിഗണിക്കപ്പെടുന്നത്. ഇപ്പോള്‍ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ്. അന്താരാഷ്ട്ര നാണ്യനിധിയില്‍ (ഐഎംഎഫ്) റിസര്‍ച്ച് വിഭാഗം ഡയറക്ടറും മുഖ്യ സാമ്പത്തികവിദഗ്ധനുമായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2016 സെപ്റ്റംബറിലാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി അദ്ദേഹം ഒഴിഞ്ഞത്.

പുരസ്‌കാരം നേടുകയാണെങ്കില്‍ അമര്‍ത്യാസെന്നിന് ശേഷം സാമ്പത്തിക നൊബേല്‍ നേടുന്ന ഇന്ത്യക്കാരനാകും രഘുറാം രാജന്‍. 1998 -ല്‍ ആണ് അമര്‍ത്യാസെന്‍ നൊബേല്‍ പുരസ്‌കാര ജേതാവായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top