വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാമുകനടക്കം നാലുപേര്‍ അറസ്റ്റില്‍

പ്രതികള്‍ പൊലീസ് വാഹനത്തില്‍

കോട്ടയം: മുണ്ടക്കയത്ത് 19 കാരിയെ പീഡിപ്പിച്ച കേസില്‍ കാമുകനടക്കം നാലുപേര്‍ അറസ്റ്റില്‍. മൂന്നിലവ് സ്വദേശികളായ അനീഷ്, മനീഷ്, കണ്ണന്‍, അനൂപ് എന്നിവരെ മുണ്ടക്കയം പൊലീസാണ് അറസ്റ്റ് ചെയ്തത്. മൊബൈലില്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കാമുകന്റെ സുഹൃത്തുക്കള്‍ യുവതിയെ പീഡിപ്പിച്ചത്.

വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കാമുകനായ അനീഷാണ് ആദ്യം പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് അനീഷ് പണം ആവശ്യപ്പെട്ടു. പണമോ ആഭരണമോ നല്‍കാനില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ സുഹൃത്തായ അനൂപിന് വിദ്യാര്‍ത്ഥിനിയെ കാഴ്ച്ചവെച്ചു. തന്റെ പക്കലുള്ള അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഇതൊഴിവാക്കാന്‍ മറ്റ് സുഹൃത്തുക്കളായ മനീഷ്, കണ്ണന്‍ എന്നിവര്‍ക്ക് വഴങ്ങണമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഇവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച വിദ്യാര്‍ത്ഥിനിയെ തേടി സഹപാഠികള്‍ വീട്ടിലെത്തിയതോടെയാണ് പീഡന വിവരങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പട്ടികജാതി അതിക്രമം തടയല്‍ നിയമവും മാനഭംഗക്കുറ്റവും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top