തലയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍, രോഗി കണ്ടത് ബാഹുബലി ( വീഡിയോ)

ഹൈദരാബാദ്:  രാജമൗലിയുടെ ബാഹുബലി പല റെക്കോര്‍ഡുകളും താണ്ടിയിട്ടുണ്ടെങ്കിലും പുതിയൊരു വാര്‍ത്ത കേള്‍ക്കുകയാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നും. ഗുണ്ടൂരിലുള്ള ആശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്റര്‍ അല്‍പസമയത്തേയ്ക്ക് സിനിമ തിയ്യറ്റര്‍ ആയ കഥ.

ചിലര്‍ സിനിമ കണ്ട് ഭക്ഷണം കഴിക്കുന്നതും, മൊബൈലില്‍ കളിക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഗൂണ്ടൂരില്‍ യുവതി ബാഹുബലി 2 കണ്ടുകൊണ്ട് തന്റെ ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ്. വിനയകുമാരി എന്ന 43 കാരിയായ നേഴ്‌സാണ് തലച്ചോറിലെ ശസത്രക്രിയയക്കിടെ സിനിമ കണ്ടത്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയകുമാരിയെ അനസ്‌തേഷ്യ ഉപയോഗിക്കാതെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.  ന്യൂറോ സര്‍ജന്‍ ഡോ ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. തല തുറന്നുള്ള ശസ്ത്രക്രിയയ്ക്കിടെ വിനയകുമാരി സിനിമ കാണുന്നതും, സിനിമയിലെ പാട്ടുകള്‍ മൂളുന്നതുമായ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഒന്നര മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടത്. ശസ്ത്രക്രിയ തീര്‍ന്നിട്ടും സിനിമ അവസാനിച്ചിരുന്നില്ല. അതിനാല്‍ ബാഹുബലി മുഴുവന്‍ കാണാനാകാത്തതില്‍ വിഷമമുണ്ടെന്നും വിനയകുമാരി ശസത്രക്രിയയ്ക്ക ശേഷം പ്രതികരിച്ചു.

രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ ചെയ്യേണ്ട ശസത്രക്രിയയാണിതെന്നും, രോഗിയുടെ ഭയം അകറ്റുന്നതിനാണ് സിനിമ കാണിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്ന് മാസം മുന്‍പ് ബംഗ്ലൂരു ആശുപത്രിയില്‍ ഗിറ്റാറിസ്റ്റ് ഗിറ്റാര്‍ വായിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top