പിസി ജോര്‍ജിന് സ്വന്തം തട്ടകത്തില്‍ തിരിച്ചടി; ഈരാറ്റുപേട്ട നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി

കോട്ടയം: പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് സ്വന്തം തട്ടകത്തില്‍ വന്‍തിരിച്ചടി. ഇരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടിഎം റഷീദിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 28 അംഗ നഗരസഭയില്‍ 14 പേര്‍ മാത്രമാണ് അവിശ്വാസത്തെ പിന്തുണച്ചത്. പിസി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷത്തിന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ വോട്ടെടുപ്പില്‍ നിന്നു വിട്ട് നിന്നതാണ് അവിശ്വാസം പരാജയപ്പെടുവാന്‍ കാരണമായത്.

ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രമേയത്തെ അനുകൂലിച്ച ജനപക്ഷ അംഗം കുഞ്ഞുമോള്‍ സിയാദ് അവസാന നിമിഷം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതാണ് തിരിച്ചടിക്കു കാരണം. 28അംഗ കൗണ്‍സിലില്‍ 14അംഗങ്ങള്‍ മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. എല്‍ഡിഎഫ്, എസ്ഡിപിഐ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

സിപിഐഎം നേതൃത്വത്തിന് അനഭിമതനായിരുന്ന ടിഎം റഷീദിനെതിരെയുള്ള പ്രമേയത്തെ ഇടതു മുന്നണി പിന്തുണക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി റഷീദിനൊപ്പം നില്‍ക്കുകയായിരുന്നു. പിസി ജോര്‍ജിന്റെ അനുവാദത്തോടെ ജനപക്ഷം മുന്‍ കയ്യെടുത്ത് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് പിസി ജോര്‍ജിനും രാഷ്ട്രീയമായി വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. അതേസമയം, ചെയര്‍മാന്റെ തെറ്റായ നയങ്ങള്‍ തുടര്‍ന്നും എതിര്‍ക്കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

DONT MISS
Top