അണ്ടര്‍ 17 ലോകകപ്പിന് നാളെ തുടക്കം: ഇന്ത്യ നാളെ അമേരിക്കയ്‌ക്കെതിരെ

ഇന്ത്യന്‍ ടീം

ദില്ലി : ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൂട്‌ബോള്‍ മത്സരത്തിന് നാളെ തുടക്കം. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് കിക്കോഫ്. മത്സരത്തിന്റെ ആദ്യ ദിനത്തില്‍ നാല് മത്സരങ്ങളാണ് നടക്കുക. ചരിത്രത്തിലാദ്യമായി ഇന്ത്യ നാളെ ഫിഫ ലോകകപ്പില്‍ പന്തുതട്ടാനിറങ്ങും.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വിദേശങ്ങളിലടക്കം പരിശീലന മല്‍സരങ്ങള്‍ നടത്തി വന്‍ തയ്യാറെടുപ്പോടെയാണ് ആതിഥേയര്‍ ലോകകപ്പിനിറങ്ങുന്നത്.

നാളെ വൈകീട്ട് അഞ്ചുമണിയ്ക്ക് ദില്ലിയില്‍ കൊളംബിയ-ഘാന മല്‍സരത്തോടെയാണ് ഇന്ത്യയില്‍ ലോകകപ്പ് ആരവത്തിന് തുടക്കമാകുന്നത്. ഇതേസമയം മുംബൈയില്‍ ന്യൂസിലന്‍ഡ് തുര്‍ക്കിയെയും നേരിടും. രാത്രി എട്ടുമണിയ്ക്ക് മുംബൈയില്‍ പരാഗ്വ- മാലിയെയും നേരിടും.

ടൂര്‍ണമെന്റിന് പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. അണ്ടര്‍ 17 ലോകകപ്പിന് സാധാരണ ഉദ്ഘാടന പരിപാടികള്‍ നടത്താറില്ലെന്ന് ടൂര്‍ണമെന്റ് ജയറക്ടര്‍ സാവിയെര്‍ സെപ്പി പറഞ്ഞു. ഒക്ടോബര്‍ 28 ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തിലും തുടര്‍ന്നുള്ള സമ്മാനദാന ചടങ്ങുകളിലും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സംബന്ധിക്കുമെന്ന് സെപ്പി അറിയിച്ചു.

ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അതേ സമയം കൊച്ചിയിലെ ആദ്യ മത്സരം മറ്റന്നാളാണ്. 29,000 കാണികള്‍ക്ക് മാത്രമാണ് കൊച്ചിയില്‍ മത്സരം കാണാന്‍ ആവുക. സുരക്ഷാ പ്രശ്‌നങ്ങള്‍ മുനിര്‍ത്തിയാണ് കാണികളുടെ പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top