ചാലക്കുടി കൊലപാതകം : മുഖ്യപ്രതി ജോണിയും സഹായിയും പിടിയില്‍

ഫയല്‍ ചിത്രം

തൃശൂര്‍ : ചാലക്കുടി പരിയാരത്തെ രാജീവ് വധക്കേസില്‍ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ചക്കര ജോണിയും സഹായി രഞ്ജിത്തും പിടിയിലായി. പാലക്കാട് നിന്നുമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുളള നീക്കത്തിന് ഇടയിലാണ് പ്രതികള്‍ വലയിലായത്. ഇവരെ ചാലക്കുടിയില്‍ എത്തിച്ച് അന്വേഷണസംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ജോണിയും രഞ്ജിത്തും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുരിങ്ങൂര്‍ ചാമക്കാല ഷൈജു, പാലക്കാടന്‍ സത്യന്‍, ചാലക്കുടി മതില്‍ക്കൂട്ടം സുനില്‍, വെളുത്തൂര്‍ രാജന്‍ എന്നിവരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ ജോണിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
ജോണിക്കു മൂന്നു രാജ്യങ്ങളുടെ വിസയുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയ, യുഇഎ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ വിസയാണ് ജോണിയുടെ പക്കലുള്ളത്. ജോണിക്കായി വിമാനത്താവളത്തില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നീക്കം നടത്തിയിരുന്നു.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ ഒരു വാടകക്കെട്ടിടത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണെന്നാണ് പൊലീസിന്റെ നിഗമനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top