രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ. ചെന്നൈയിലെ ശിവാജി ഗണേശന്‍ പ്രതിമ ഉദ്ഘാടനം ചെയ്തു; കമല്‍ഹാസനും രജനീകാന്തും പങ്കെടുത്തു

ശിവാജി പ്രതിമ ഉദ്ഘാടന ചടങ്ങില്‍ രജനീകാന്തും കമല്‍ഹാസനും

ചെന്നൈ : നടികര്‍ തിലകം ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ശിവാജി സ്മാരകം ഉദ്ഘാടനം ചെയ്തത്. നടന്‍മാരായ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


അഭിനയ ചക്രവര്‍ത്തിയായ ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പങ്കെടുക്കില്ലെന്ന വാര്‍ത്ത നേരത്തെ വിവാദമായിരുന്നു. ശിവാജി കുടുംബവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന കമല്‍ഹാസന്‍ ചടങ്ങിനെത്തുന്നതാണ് പളനിസാമിയുടെ വിട്ടുനില്‍ക്കലിന് കാരണമെന്നായിരുന്നു വിമര്‍ശനം.


പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടുപോകുകയാണ് കമല്‍ഹാസന്‍. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന കമല്‍ഹാസനൊപ്പം വേദി പങ്കിടുന്നത് ഒഴിവാക്കുകയും പളനിസാമിയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്മാരകം ഉദ്ഘാടനത്തിന് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം എത്തുമെന്ന് മുഖ്യമന്ത്രി പളനിസാമി അറിയിക്കുകയായിരുന്നു.

മുമ്പ് ഏറ്റെടുത്ത പദ്ധതികളില്‍ പങ്കെടുക്കേണ്ടതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും മുഖ്യമന്ത്രി സംഘാടകരെ അറിയിച്ചു. കഴിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ മറീനാ ബീച്ചില്‍ സ്ഥാപിച്ച ശിവാജി പ്രതിമ ഗതാഗതതടസ്സമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് മദ്രാസ് ഹൈക്കോടതി മാറ്റി സ്ഥാപിക്കാന്‍ ഉത്തരവിടുകയായിരുന്നു. 2016 ഓഗസ്റ്റ് നാലിനായിരുന്നു ഇത്.

തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത ശിവാജി സ്മൃതിമണ്ഡപത്തില്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2.80 കോടി ചെലവഴിച്ച് നിര്‍മ്മിച്ച സ്മാരകം 28,300 ചതുരശ്ര അടി വലുപ്പമുള്ളതാണ്.

DONT MISS
Top