ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ മന്ത്രിമാര്‍ എത്താതിരുന്നത് അനൗചിത്യമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊച്ചി : ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്താതിരുന്നത് അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരോ, സര്‍ക്കാര്‍ പ്രതിനിധികളോ വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

രാവിലെ 7.15 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഫാദര്‍ ടോമിനെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പുറമെ കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണി, എംഎല്‍എമാരായ വി ഡി സതീശന്‍, ഹൈബി ഈഡന്‍, വി കെ ഇബ്രാഹിം കുഞ്ഞ്, കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

കൂടാതെ പാല രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരീക്കന്റെ നേതൃത്വത്തില്‍ പുരോഹിത പ്രമുഖരും ഫാദര്‍ ടോമിന്റെ കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ഫാദര്‍ ടോം കേരളത്തിലെത്തിയത്.

നെടുമ്പാശ്ശേരിയില്‍ നിന്നും ഫാദര്‍ ടോം വെണ്ണല ഡോണ്‍ ബോസ്‌കോയിലേക്ക് പോയി. രാവിലെ പത്തുമണിയോടെ എറണാകുളം ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാനമായ കൊച്ചി സെന്റ്‌മേരീസ് ബസലിക്കയില്‍ ഫാദര്‍ ടോം പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് ഫാദര്‍ ടോം വിശ്വാസികളെ അഭിസംബോധന ചെയ്യും. മാധ്യമപ്രവര്‍ത്തകരെയും ഫാദര്‍ ടോം കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

തുടര്‍ന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസിലും ഫാദര്‍ ടോമിന് സ്വീകരണമുണ്ട്. ബിഷപ്പ് ഹൗസിലെത്തുന്ന ഫാദര്‍ ടോം ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ഉച്ചയോടെ ഉഴുന്നാലില്‍ ജന്മനാടായ പാലായിലേക്ക് പോകും.

വൈകീട്ട് നാലിന് പാല ബിഷപ്പ് ഹൗസില്‍ എത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകീട്ടോടെ ജന്‍മനാടായ രാമപുരം സെന്റ് അഗസ്റ്റ്യസ് പള്ളിയില്‍ അദ്ദേഹത്തിന്റെ മുഖ്യ കാര്‍മിത്വത്തില്‍ കൃതജ്ഞത ബലി നടത്തും. തുടര്‍ന്ന് രാത്രി എട്ടരയോടെയാകും ജന്‍മ ഗൃഹത്തിലെത്തുക.

യെമനില്‍ 556 ദിവസം ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം മോചിപ്പിക്കപ്പെട്ട ഫാദര്‍ ടോം കഴിഞ്ഞ ദിവസമാണ് റോമില്‍ നിന്ന് ദില്ലിയില്‍ എത്തിയത്. ദില്ലിയിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ തന്റെ മോചനത്തിന് സഹായിച്ച എല്ലാവര്‍ക്കുമുള്ള നന്ദി ഫാദര്‍ ടോം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

2016 മാര്‍ച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.

DONT MISS
Top