ചാലക്കുടിയിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേസംഘം

അങ്കമാലി: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘത്തെ രൂപീകരിച്ചിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് റൂറല്‍ എസ്പി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലയില്‍ നേരിട്ട് പങ്കാളികളായ നാലുപേരെ നിമിഷങ്ങള്‍ക്കകം പിടിച്ചെന്നും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോണി, രഞ്ജിത് എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ അങ്കമാലി മഞ്ഞപ്ര നായത്തോട് സ്വദേശി രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തവളപ്പാറയില്‍ എസ്ഡി കോണ്‍വെന്റ് കെട്ടിടത്തിലാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ക്വട്ടേഷനാണെന്നും ഇതിന് പിന്നില്‍ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണെന്നും വാര്‍ത്ത പുറത്ത് വന്നിരുന്നു. അഭിഭാഷകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് രാജീവിന്റെ ബന്ധുക്കളുടെ ആരോപണം.

സെപ്തംബര്‍ 29 ന് രാവിലെ 7.30 ഓടെയാണ് രാജീവ് മഠത്തോട് ചേര്‍ന്ന പറമ്പിലെത്തിയത്. പത്ത് മണിയോടെ തൊട്ടടുത്ത വഴിയില്‍ രാജീവ് വന്ന ബൈക്ക് മറിഞ്ഞ് കിടക്കുന്ന നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കോണ്‍വെന്റ് കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയത്. അച്ഛനെ കാണാനില്ലെന്ന് കാട്ടി രാജീവിന്റെ മകനാണ് രാവിലെ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം കെട്ടിടത്തിനുള്ളില്‍ കൊണ്ടുവന്നിട്ടതാകാം എന്നാണ് നിഗമനം.

DONT MISS
Top