സ്വദേശിവല്‍ക്കരണ പദ്ധതി പ്രബല്യത്തില്‍വന്നശേഷം അഞ്ച് ലക്ഷം തൊഴില്‍ വിസകള്‍ വിതരണം ചെയ്ത് സൗദി തൊഴില്‍ മന്ത്രാലയം

പ്രതീകാത്മക ചിത്രം

ജിദ്ദ: സൗദിഅറേബ്യയില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തില്‍വന്നതിനുശേഷം അഞ്ചുലക്ഷം തൊഴില്‍ വിസകള്‍ സര്‍ക്കാര്‍വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്തതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കാണ് വിദേശ റിക്രൂട്‌മെന്റിനായി ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

2013ലാണ് സൗദിഅറേബ്യയില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തില്‍വന്നത്. അന്നുമുതല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിതരണം ചെയ്ത തൊഴില്‍ വിസകളുടെ വിവരമാണ് തൊഴില്‍മന്ത്രാലയം പുറത്തുവിട്ടത്. 2020 ആകുന്നതോടെ ഘട്ടം ഘട്ടമായി സര്‍ക്കാര്‍വകുപ്പുകളില്‍ ജോലിചെയ്യുന്ന വിദേശികളെ പിരിച്ചുവിടുന്നതിന് സിവില്‍ സര്‍വീസ് മന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്കഴിഞ്ഞ അഞ്ചു വര്‍ഷം സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അനുവദിച്ച തൊഴില്‍ വിസകളുടെ വിശദാംശം മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍വകുപ്പുകളിലേക്കു റിക്രൂട്ട് ചെയ്ത വിദേശതൊഴിലാളികളില്‍ 40 ശതമാനവും ഇന്ത്യ ഉള്‍പ്പെടെയുളള ഏഷ്യന്‍ വംശജരാണ്. കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസകളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ട്. 1.43 ലക്ഷം വിസകളാണ് കഴിഞ്ഞ വര്‍ഷം വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ക്ക് അനുവദിച്ചത്. 2015 ല്‍ 79,000വും 2014 ല്‍ 1.05 ലക്ഷം വിസകളും അനുവദിച്ചു. 2012 ല്‍ 1.26 ലക്ഷം വിസകള്‍ അനുവദിച്ചിരുന്നു. അനുവദിച്ച വിസകളില്‍ 51 ശതമാനവുംവിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍ക്കാണെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top