ഹരിതാഭമാകാന്‍ ഒരുങ്ങി തെലങ്കാന; ക്ഷീരകര്‍ഷകര്‍ക്ക് 13 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും

പ്രതീകാത്മക ചിത്രം

ഹൈദരാബാദ് : നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് തെലങ്കാന സര്‍ക്കാര്‍. 13 ലക്ഷം വൃക്ഷത്തൈകളാണ് ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇത്തവണ നല്‍കുന്നത്. ഹരിത ഹരം പദ്ധതിയുടെ ഭാഗമായി തെലങ്കാനയെ ഹരിതാഭമാക്കി മാറ്റാനാണ് ഇത്രയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്.

ഓരോ ക്ഷീര കര്‍ഷകനും അഞ്ച് തൈകള്‍ വീതമാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു. ദസറ ദിനത്തിലാണ് കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കിതുടങ്ങുക. പത്തു ജില്ലകള്‍ നിലവില്‍ മുഴുവനായും മരങ്ങള്‍ വെച്ചുപിടിക്കാന്‍ തെലുങ്കാന ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ട്. ബാക്കി വരുന്ന ജില്ലകളില്‍ കൂടി ഇത് വ്യാപിപ്പിക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാനം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ട്. കര്‍ഷകര്‍ക്കൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരും, പരിസ്ഥിതി സംഘടനങ്ങളുമെല്ലാം സംരംഭത്തില്‍ പങ്കാളികളാകുന്നുണ്ട്. കര്‍ഷകര്‍ നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് പരിസ്ഥിതി സംഘടനയിലെ അംഗങ്ങളാണ്.

മിക്ക സംസ്ഥാനങ്ങളും പരിസ്ഥിതി ദിനത്തിന്റെ അന്ന് മരങ്ങള്‍ നട്ടു പിടിപ്പിക്കുയും പിന്നീട് അവയെ ശ്രദ്ധിക്കാത്ത അവസ്ഥയുമാണ് നിലവില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നതാണ് തെലുങ്കാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഈ ഹരിത പദ്ധതി.

DONT MISS
Top