“ബിജെപിയിലേക്ക് ഇല്ല, അവര്‍ക്ക് യോജിച്ചത് രജനീകാന്ത്; പുതിയ പാര്‍ട്ടി ഈ വര്‍ഷം അവസാനം”: കമല്‍ ഹാസന്‍

ഫയല്‍ ചിത്രം

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കൂടുതല്‍ തുറന്നുപറഞ്ഞ് തമിഴ് നടന്‍ കമല്‍ഹാസന്‍ രംഗത്ത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ ദ്രാവിഡ പാര്‍ട്ടികള്‍ക്കും എതിരായിട്ടുള്ളതാകും അതെന്നും കമല്‍ പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ പുതിയ നിലപാടുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന സൂചന കമല്‍ ഹാസന്‍ നല്‍കി.

ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും അഴിമതിക്ക് തമിഴ് ജനത സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്റെ പോരാട്ടം അഴിമതിക്ക് എതിരെയാണ്. എന്റെ പാര്‍ട്ടി ഈ രണ്ട് പാര്‍ട്ടികള്‍ക്കും എതിരായിട്ടായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ പാര്‍ട്ടി രൂപീകരണം ഉണ്ടാകും. കമല്‍ പറഞ്ഞു.

താന്‍ ഒരു നിരീശ്വരവാദിയാണെന്നും അതിനാല്‍ ബിജെപിക്ക് യോജിച്ച വ്യക്തിയല്ലെന്നും കമല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രജനീകാന്ത് ബിജെപിക്ക് പറ്റിയ വ്യക്തി ആയിരിക്കുമെന്നും കമല്‍ പറഞ്ഞു. “രജനീകാന്തിന്റെ മതവിശ്വാസങ്ങള്‍ പരിഗണിക്കുമ്പോള്‍ ബിജെപിക്ക് എന്നേക്കാള്‍ അനുയോജ്യന്‍ രജനീകാന്ത് ആണ്. ഞാന്‍ ഒരു നിരീശ്വരവാദിയാണ്”. കമല്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ അച്ചേ ദിന്‍ വന്നിട്ടില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടോ എന്നത് തനിക്ക് അറിയില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അച്ഛേ ദിന്‍ എന്ന് വരുമെന്നും അദ്ദേഹം ചോദിച്ചു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയെ തെറ്റിദ്ധരിക്കേണ്ടെന്ന് കമല്‍ പറഞ്ഞു. ഞാന്‍ അങ്ങോട്ട് ചെന്നതല്ല, അദ്ദേഹം ഇങ്ങോട്ട് വന്ന് കാണുകയായിരുന്നു. താന്‍ ജാതീയതയ്ക്ക് എതിരാണെന്നും എന്നാല്‍ കമ്മ്യൂണിസ്റ്റ് അല്ലെന്നും കമല്‍ പറഞ്ഞു. “കമ്മ്യൂണിസ്റ്റുകളായ പലരേയും ഞാന്‍ ആദരിക്കുന്നുണ്ട്. എന്റെ ആരാധ്യപുരുഷരില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകളാണ്”. കമല്‍ പറഞ്ഞു.

രജനീകാന്തുമായി താന്‍ സ്ഥിരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നും കമല്‍ പറഞ്ഞു. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. അദ്ദേഹവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്, എന്നാല്‍ നിലവില്‍ അത്തരം തീരുമാനങ്ങള്‍ ഒന്നും ഇല്ല.

DONT MISS
Top