അമേരിക്കന്‍ യാത്രാവിലക്കില്‍ നിന്ന് സുഡാനെ ഒഴിവാക്കി; പകരം മൂന്ന് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി ട്രംപിന്റെ ഉത്തരവ്

ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള യാത്രാനിരോധനം മൂന്ന് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി ബാധമാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. നേരത്തെ ആറ് രാജ്യങ്ങളിലെ പൗരന്‍മാരെ 90 ദിവസത്തേക്ക് അമേരിക്കയിലേക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ അവസാനിച്ചിരുന്നു. ഈ ആറ് രാജ്യങ്ങളില്‍ സുഡാനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി മറ്റ് അഞ്ച് രാജ്യങ്ങളെ വീണ്ടും വിലക്കിക്കൊണ്ടുള്ള പട്ടിക ഇറക്കിയതിനൊപ്പമാണ് പുതുതായി മൂന്ന് രാജ്യങ്ങളെക്കൂടി വിലക്കിന്റെ പട്ടികയില്‍പ്പെടുത്തിയത്.

ഉത്തരകൊറിയ, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള വെനിസ്വേല, ആഫ്രിക്കന്‍ രാജ്യമായ ഛാഡ് എന്നീ രാജ്യങ്ങളിലെ പൗരന്‍മാരെയാണ് പുതുതായി യാത്രാവിലക്കിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ഛാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്രയ്ക്ക് അനുമതി ലഭിക്കില്ല.

എന്നാല്‍ ഈ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള നിയമാനുസൃത വിസകള്‍ റദ്ദാക്കില്ല. വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ അമേരിക്കയില്‍ ബിസിനസ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് യാത്രാ നിരോധനത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കും.

അടുത്തമാസം 18 മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരും. അമേരിക്കയുടെ സുരക്ഷയാണ് തനിക്ക് പ്രധാനം. ഇതിനാലാണ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഇന്നലെ വൈകി പുറത്തിറക്കിയ ഉത്തരവിന് പിന്നാലെ പ്രസിഡന്റ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

DONT MISS
Top