തടി കുറയ്ക്കാന്‍ ഓപ്പറേഷന്‍ നടത്തിയ സ്ത്രീ മരിച്ചു; മരണകാരണം ചികിത്സയിലെ പിഴവെന്ന് ബന്ധുക്കള്‍

വളര്‍മതി മകളോടൊപ്പം

ചെന്നൈ: തടി കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയ സ്ത്രീ മരിച്ചു. ചെന്നൈ തിരുവിണ്ണാമല സ്വദേശി അളകേശന്റെ ഭാര്യ വളര്‍മതി(45)യാണ് മരിച്ചത്. വളര്‍മതി മരിച്ചത് ഡോക്ടര്‍മാരുടെ പിഴവ് മൂലമാണെന്ന് ആരോപിച്ച് അളകേശനും ബന്ധുക്കളും ആശുപത്രിക്കെതിരെ പരാതി നല്‍കി.

150 കിലോയോളമായിരുന്നു വളര്‍മതിയുടെ ഭാരം. ഏറെക്കാലമായി തടി കുറയ്ക്കാന്‍ പരിശ്രമിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായിരുന്നില്ല. ഒടുവില്‍ സഹോദരി തടി കുറയ്ക്കാന്‍ ഓപ്പറേഷന്‍ നടത്തി വിജയിച്ചത് കണ്ടപ്പോള്‍ വളര്‍മതിയും ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. സഹോദരിയെ ചികിത്സിച്ച അതേ ഹോസ്പിറ്റലില്‍ തന്നെയാണ് വളര്‍മതിയും ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

എന്നാല്‍ ഓപ്പറേഷന്‍ നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വളര്‍മതി മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ശസ്ത്രക്രിയയില്‍ യാതൊരു പിഴവുമുണ്ടായിരുന്നില്ലെന്നും വിദഗ്ധരായ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയതെന്നും വളര്‍മതി മരിച്ചത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തുടക്കത്തില്‍ തടി കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കായി ആശുപത്രിയെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ചികിത്സ ഫലപ്രദമായി നടത്തിത്തരാമെന്നും പണത്തെക്കുറിച്ച് ടെന്‍ഷന്‍ വേണ്ടെന്നുമായിരുന്നു. വളര്‍മതിക്കും താരതമ്യേനെ തടിയുള്ള മക്കളായ സതീഷ്, ശരണ്യാ, സംഗീത എന്നിവര്‍ക്കും ചികിത്സ നടത്താമെന്നും ചികിത്സയ്ക്ക് മുന്‍പും ശേഷവും ഫോട്ടോ എടുത്ത് നല്‍കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചികിത്സ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വളര്‍മതിയുടെ സ്ഥിതി വഷളാവുകയായിരുന്നു.’ അളകേശന്‍ പറഞ്ഞു.

ആഗസ്റ്റ് 28നാണ് വളര്‍മതി ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നീട് ഒരു ഒരു മാസത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ കൂടി ചെയ്യണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ത്തന്നെ വളര്‍മതിയുടെ സ്ഥിതി ഗുരുതരമാകുകയും മരണപ്പെടുകയുമായിരുന്നു.

മരുന്നുകള്‍ക്കും മറ്റ് ചികിത്സാച്ചിലവുകള്‍ക്കുമായി രണ്ടര ലക്ഷം രൂപയാണ് വളര്‍മതിയുടെ കുടുംബം ചെലവഴിച്ചത്. മകന്‍ സതീഷ് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top