യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ച് ഉത്തരകൊറിയുടെ സമീപത്ത് അമേരിക്ക സൈനിക വിമാനങ്ങള്‍ പറത്തി

ഫയല്‍ ചിത്രം

പ്യോങ്യാങ്: യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ച് ഉത്തരകൊറിയുടെ അരികിലുടെ സൈനിക വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ പ്രകോപനം. ഏത് ഭീഷണിയെയും പരാജയപ്പെടുത്താന്‍ തങ്ങള്‍ യുദ്ധ സജ്ജമാണെന്ന് തെളിയിക്കുകയായിരുന്നു ഇതിലുടെ ലക്ഷ്യമിട്ടതെന്ന് അമേരിക്ക വ്യക്തമാക്കി. ലോകത്തെ ഞെട്ടിച്ച് വീണ്ടും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തി എന്ന സംശയങ്ങള്‍ ബലപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയയുടെ കിം ജോങ് ഉന്നും തമ്മിലുളള വാക് പോര് മുറുകുന്നതിന് ഇടയിലാണ് ലോകത്തെ ആശങ്കയിലാക്കി അമേരിക്കയുടെ സൈനിക വിമാനങ്ങള്‍ ഉത്തരകൊറിയയുടെ അരികിലുടെ ശക്തിപ്രകടനം നടത്തിയത്. വലിയ പ്രഹരശേഷിയുളള ബോംബുകള്‍ ഘടിപ്പിച്ച സൈനിക വിമാനങ്ങളാണ് ഉത്തരകൊറിയയെ വീണ്ടും പ്രകോപിപ്പിച്ച് കടന്നുപോയത്. കൊറിയന്‍ ദ്വീപുകളില്‍ നിരായുധീകരണ മേഖലയുടെ വടക്കന്‍ പ്രദേശത്തിലുടെ 21 ആം നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് സൈനിക വിമാനങ്ങളുടെ അഭ്യാസ പ്രകടനം നടത്തിയതെന്ന് അമേരിക്ക അവകാശപ്പെട്ടു. ലോകത്തെ ഞെട്ടിച്ച് വീണ്ടും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തി എന്ന സംശയങ്ങള്‍ ബലപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.

ഉത്തരകൊറിയയുടെ ആണവപരീക്ഷണ സ്ഥലത്ത് നിന്ന് 20 കിലോമീറ്ററോളം മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഉത്തര കൊറിയയില്‍ ഇന്നുണ്ടായ ഭൂചലനം ആണവപരീക്ഷണം മൂലമുണ്ടായതാണെന്നു ഉത്തരകൊറിയയുടെ സുഹൃത്ത് രാഷ്ടമായ ചൈന പോലും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഉത്തരകൊറിയ മേഖലയില്‍ ഒറ്റപ്പെടുകയാണെന്ന ബലം ശക്തിപ്പെടുന്നതിന് ഇടയിലാണ് അമേരിക്കയുടെ ശക്തി പ്രകടനം. ഉത്തരകൊറിയയുടെ വീണ്ടും വിചാരമില്ലാത്ത ആണവപദ്ധതി ഗുരുതര ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് പെന്റഗണ്‍ കുറ്റപ്പെടുത്തി. ഇതിനിട യില്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയെ അതിനിശിതമായി വിമര്‍ശിച്ച് ഉത്തര കൊറിയ രംഗത്തുവന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആത്മഹത്യാപരമായ ദൗത്യത്തിലാണ് ഏര്‍പ്പെടുന്നത് എന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിനെ ആത്മഹത്യാ ദൗത്യം ഏറ്റെടുത്ത റോക്കറ്റ് മാനായി ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിന് എതിരായുളള മറുപടിയായി ആയിട്ടായിരുന്നു വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.

DONT MISS
Top