22 ആഴ്ചകള്‍ മാത്രം വളര്‍ച്ചയുള്ളപ്പോള്‍ പിറന്നു വീണ നിര്‍വാണ്‍ ഒടുവില്‍ മിടുക്കനായി ജീവിതത്തിലേക്ക്

നിര്‍വാണ്‍

മുംബൈ: പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിനു മുന്‍പ് ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ നിര്‍വാണ്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോഴാണ് നിര്‍വാണ്‍ പിറന്നത്. 32 സെന്റീമീറ്റര്‍ നീളവും 610 ഗ്രാം തൂക്കവുമുള്ള നിര്‍വാണ്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്നായിരുന്നു അന്ന് ഡോക്ടര്‍മാരുടെ അഭിപ്രായം.

മുംബൈ സ്വദേശികളായ വിശാല്‍-റിതിക ദമ്പതികളുടെ മകനാണ് നിര്‍വാണ്‍. മുംബൈയിലെ സൂര്യ ഹോസ്പിറ്റലില്‍ 2017 മെയ് മാസത്തിലാണ് നിര്‍വാണ്‍ ജനിക്കുന്നത്. അമ്മ റിതികയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കുഞ്ഞിനെ ഉദരത്തില്‍ വഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോള്‍ നിര്‍വാണെ പുറത്തെടുക്കുന്നത്.

22 ആഴ്ച മാത്രം വളര്‍ച്ചയുള്ള കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുക്കുന്നത് തന്നെ ശ്രമകരമായിരുന്നു. എത്രതന്നെ പരിചരണം നല്‍കിയാലും ഇവരില്‍ അഞ്ച് ശതമാനം കുഞ്ഞുങ്ങള്‍ മാത്രമേ തുടര്‍ന്ന് ജീവിക്കൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അഥവാ ജീവിക്കുകയാണെങ്കില്‍ മാനസിക വളര്‍ച്ചയില്ലായ്മ, കാഴ്ച-കേള്‍വി വൈകല്യങ്ങള്‍, അപസ്മാരം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

22 ആഴ്ച മാത്രം വളര്‍ച്ചയുണ്ടായിരുന്നപ്പോള്‍ പുറത്തെടുത്ത നിര്‍വാണ്‍ ആറു മാസം പിന്നിടുമ്പോള്‍ മികച്ച പരിചരണത്തിലൂടെയും ചികിത്സയിലൂടെയും ആരോഗ്യത്തില്‍ പുരോഗതി കൈവരിച്ചിരിക്കുകയാണ്. 132 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസം നിര്‍വാണ്‍ സ്വന്തം വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

മുംബൈയിലെ സൂര്യ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലായിരുന്നു നിര്‍വാണ്‍ കഴിഞ്ഞ 132 ദിവസങ്ങള്‍ കഴിഞ്ഞിരുന്നത്. പതിനാല് ഡോക്ടര്‍മാരും അമ്പത് നഴ്‌സുമാരുമടങ്ങുന്ന സംഘമാണ് നിര്‍വാണിന് മികച്ച പരിചരണം നല്‍കി കൂടെ നിന്നത്. ശ്വാസകോശങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാതിരുന്നതിനാല്‍ ജനിച്ച നിമിഷം മുതല്‍ യന്ത്ര സഹായത്തോടെയായിരുന്നു നിര്‍വാണ്‍ ശ്വസിച്ചിരുന്നത്.

ഒടുവില്‍ നിരവധി അപകട നിലകളെ തരണം ചെയ്ത് നിര്‍വാണ്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഇപ്പോള്‍ നിര്‍വാണ് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്നും മറ്റ് കുഞ്ഞുങ്ങളെപ്പോലെ സുഖമായി ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്നും പരിചരിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 3.8 കിലോഗ്രാമാണ് ഇപ്പോള്‍ അവന്റെ ഭാരമെന്നും അമ്പത് സെന്റീമീറ്ററാണ് നീളമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top