ഒരു ജീവന്‍ കൂടി കവര്‍ന്ന് ബ്ലൂവെയില്‍; പന്ത്രണ്ടു വയസ്സുകാരന്‍ മരിച്ചു കിടന്നത് റെയില്‍വേട്രാക്കില്‍

ബ്ലൂവെയില്‍ അടിമകള്‍ കൈയ്യില്‍ വരയ്ക്കുന്ന ചിഹ്നം

ലക്‌നൗ : ബ്ലൂവെയില്‍ ഗെയിമിന് അടിമയായ പന്ത്രണ്ടു വയസുകാരനെ റെയില്‍വെട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലൂവെയില്‍ കളിച്ച് റെയില്‍വെ ട്രാക്കിലൂടെ നടന്നപ്പോള്‍ ട്രെയിന്‍ ഇടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കൂട്ടുകാരാണ് കുട്ടി ബ്ലൂവെയില്‍ ഗെയിം കളിക്കാറുണ്ടെന്ന കാര്യം പൊലീസിനെ അറിയിച്ചത്.

ബ്ലൂവെയിലുമായി ബന്ധപ്പെട്ട് ഇതുവരെ പത്തോളം മരണങ്ങളാണ് രണ്ടു മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ബ്ലൂവെയില്‍ ഗെയിമിനെ നിരോധിക്കാന്‍ ലോക രാജ്യങ്ങളെല്ലാം ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ആവിര്‍ഭാവം എവിടെയാണെന്നോ എത്രത്തോളം ആളുകളില്‍ ഇത് വ്യാപിച്ചിട്ടുണ്ടെന്നോ അറിയാത്ത അവസ്ഥയാണ്. ദിവസത്തില്‍ ഒന്ന് എന്ന കണക്കിന് ഇപ്പൊഴും ബ്ലൂവെയില്‍ ഗെയിമിന്റെ അടിമകള്‍ മരിക്കുന്നു.

50 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ ഗെയിമിന്റെ ദൈര്‍ഘ്യം. ഇതില്‍ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് അഡ്മിന്‍ ആവശ്യപ്പെടുന്നത്. ഒരിക്കല്‍ ഇതില്‍പ്പെട്ടു കഴിഞ്ഞാല്‍ പിന്നെ തിരിച്ചു കയറാന്‍ സാധിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നല്‍കുന്ന എല്ലാ ടാസ്‌ക്കുകളും പൂര്‍ത്തിയാക്കുന്ന ഉപയോക്താവിനെ കാത്തിരിക്കുന്നത് മരണവുമാണ്.

കൗമാരക്കാരാണ് ബ്ലൂവെയില്‍ ഗെയിമിന് കൂടുതല്‍ അടിമപ്പെടുന്നത്. എന്നാല്‍ പലരും മരിച്ചു കഴിയുമ്പോഴാണ് ഇവര്‍ ഇതിന് അടിമയായിരുന്നു എന്നു പോലും അറിയുന്നത്. ഗെയിമിന്റെ നിരോധനം ആവശ്യപ്പെട്ട് സര്‍ക്കാരുകളും സംഘടനകളും മുന്നോട്ട് വരുന്നുണ്ടെങ്ങിലും ഇതുവരെ ഇതിന്റെ നിരോധനം സാധ്യമായിട്ടില്ല.

DONT MISS
Top