നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ‘ചെന്നൈ എക്‌സ്പ്രസ്’ നിര്‍മ്മാതാവ് കരീം മൊറാനി കീഴടങ്ങി

കരീം മൊറാനി

ഹൈദരാബാദ്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടിയ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രമുഖ ചലചിത്ര നിര്‍മ്മാതാവ് കരീം മൊറാനി പൊലീസില്‍ കീഴടങ്ങി. കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മൊറാനി കീഴടങ്ങിയത്. ഷാരൂഖ് ഖാന്‍ -ദീപിക പദുക്കോണ്‍ ജോഡിയുടെ ഹിറ്റ് ചിത്രമായ ‘ചെന്നൈ എക്‌സ്പ്രസ് ‘ നിര്‍മ്മിച്ചത് കരീം മൊറാനിയാണ്.

നേരത്തെ ഈ കേസില്‍ മൊറാനിയുടെ ജാമ്യം റദ്ദുചെയ്ത സെഷന്‍സ് കോടതി ഉത്തരവ് ഹൈദരാബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരേ മൊറാനി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും സുപ്രിംകോടതി, ഹൈദരാബാദ് ഹൈക്കോടതി വിധി റദ്ദുചെയ്യാന്‍ തയാറായില്ല. അന്വേഷണം നടത്തുന്ന തെലങ്കാന പൊലീസില്‍ കീഴടങ്ങാന്‍ സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എംഎം ഖാന്‍വില്‍ക്കര്‍, സിവി ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് കീഴടങ്ങാന്‍ ഉത്തരവിട്ടത്. തുടര്‍ന്നാണ് മൊറാനി പൊലീസില്‍ കീഴടങ്ങിയത്.

കരീം മൊറാനിയുടെ ജാമ്യം റദ്ദാക്കിയ സെഷന്‍സ് കോടതി ഉത്തരവ് ഈ മാസം അഞ്ചിനാണ് ഹൈദരാബാദ് ഹൈക്കോടതി ശരിവച്ചത്. നേരത്തെ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിട്ടിരുന്നുവെന്നും ജയില്‍ വാസമനുഭവിച്ചെന്നുമുള്ള വസ്തുത മറച്ചുവെച്ചാണ് മൊറാനി ജാമ്യം നേടിയതതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി മൊറാനിയുടെ ജാമ്യം റദ്ദാക്കിയത്. ഇതിനാണ് ഹൈക്കോടതിയും സുപ്രിംകോടതിയും അംഗീകാരം നല്‍കിയത്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ തന്നെ 2015-2016 കാലഘട്ടത്തില്‍ കരീം മൊറാനി നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തതായുള്ള യുവതിയുടെ പരാതിയിലാണ് തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

DONT MISS
Top