ലോകകപ്പ് ട്രോഫി ഇന്നും നാളെയും പൊതുജനങ്ങള്‍ക്ക് നേരിട്ടു കാണാന്‍ അവസരം; ഇന്ന് ട്രോഫി പ്രദര്‍ശിപ്പിക്കുക എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍

കൊച്ചി : ഫിഫ അണ്ടര്‍ 17   ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന ട്രോഫി നേരിട്ടു കാണാന്‍ ഞായറാഴ്ച വരെ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരം. സെപ്തംബര്‍ 23 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തിലാണ് പൊതുജനങ്ങള്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കുക.

24ന് പകല്‍ രണ്ടുമുതല്‍ വൈകിട്ട് ആറുവരെ ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലും ആരാധകര്‍ക്ക് ട്രോഫി നേരിട്ടുകാണാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ലോകകപ്പ് നോഡല്‍ ഓഫീസര്‍ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു.

ജൂലൈ 17ന് ദില്ലിയില്‍നിന്നാണ് ട്രോഫി ഇന്ത്യയില്‍ പ്രദര്‍ശന പര്യടനം തുടങ്ങിയത്. ലോകകപ്പിന് വേദിയാവുന്ന ആറു നഗരങ്ങളിലാണ് പ്രദര്‍ശനം. 40 ദിവസംകൊണ്ട് 9000 കിലോമീറ്റര്‍ നീളുന്ന പര്യടനത്തിന്റെ സമാപനവും കൊച്ചിയിലാണ്. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് ട്രോഫി കൊണ്ടുപോകും.

മന്ത്രി മൊയ്തീന്‍ ട്രോഫി അനാവരണം ചെയ്യുന്നു

ലോകകപ്പ് ട്രോഫിക്ക് ഇന്നലെ കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. വാദ്യ മേളങ്ങളുടേയും കേരളീയ കലാരൂപങ്ങളുടേയും അകമ്പടിയോടെ ഉത്‌സവാന്തരീക്ഷത്തിലാണ് കപ്പിനെ വരവേറ്റത്. കഥകളിയും തെയ്യവും തിരുവാതിരയും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്കൊപ്പം തൃശൂര്‍ ആട്ടം കലാവേദിയുടെ ചെണ്ടമേളവും വരവേല്‍പ്പ് ആവേശമാക്കി.

ലോകകപ്പ് വേദിയായ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായികമന്ത്രി എ സി മൊയ്തീന്‍ ട്രോഫി അനാവരണം ചെയ്തു. ലോകകപ്പ് മല്‍സരങ്ങള്‍ക്കായി കേരളം ഒരുങ്ങിയതായി മന്ത്രി പറഞ്ഞു.

DONT MISS
Top